Tuesday, December 16, 2025

ധൂർത്ത് തുടർന്ന് പിണറായി സർക്കാർ: ചീഫ് വിപ്പിന്റെ പഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി; പുതിയ ഉത്തരവ് പി എസ് സി നിയമനങ്ങൾ ഇഴയുമ്പോൾ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി ഉൾപ്പെടുത്തി ഉത്തരവിറങ്ങി പിണറായി സർക്കാർ. 23,000 മുതൽ ഒരു ലക്ഷം വരെയാണ് പേഴ്സണ്‍ സ്റ്റാഫുകളുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിൻ്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി.

അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് വീണ്ടും പേഴ്സണൽ സ്റ്റാഫ് നിയമനം. നേരത്തെ ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും അടക്കമാണ് അനുവദിച്ചത്. ഇതിനു പിന്നാലെയാണ് 18 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിവരാണ്.

നിയമസഭയിലാണ് ചീപ് വിപ്പിന്‍റെ ഓഫീസ്. സഭ സമ്മേളിക്കുന്ന സമയത്ത് നിർണായ വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നൽകുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി. 99 അംഗങ്ങള്ള ഭരണപക്ഷത്തിന് നിയമസഭയില്‍ ബില്ലുകളുടെ വോട്ടെടുപ്പിൽ നിർണായക ഭൂരിപക്ഷമുള്ളതിനാൽ വിപ്പിന്‍റെ ആവശ്യവുമില്ല. ചീഫ് വിപ്പിനു ദൈനംദിനമുള്ള പ്രത്യേക ചുമതലകളൊന്നും ഇല്ലേന്നിരിക്കെയാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്.

ഇപ്പോഴുള്ള സ്റ്റാഫിൽ അഞ്ച് പേർ ഡോ. എൻ ജയരാജിന്‍റെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇതുകൂടാതെ വെള്ളയമ്പലത്ത് ഔദ്യോഗിക വസതി വാടകക്കെടുക്കുന്നുമുണ്ട്. പേഴ്സണൽ സ്റ്റാഫ് കൂടാതെ അഞ്ച് പൊലീസുകാരെയും ഡോ. എൻ ജയരാജന് അനുവദിച്ചിട്ടുണ്ട്.

Related Articles

Latest Articles