Saturday, December 13, 2025

ഇത് ഭരണമോ അതോ കട്ടുമുടിക്കലോ? കുട്ടികളുടെ വായനശാല പൊളിച്ചുനീക്കി ഇ എം എസ് സ്മൃതി മന്ദിരം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്. നിയമസഭാ സമുച്ചയത്തില്‍ ഇ എം എസ് സ്മൃതി മന്ദിരം സ്ഥാപിക്കാന്‍ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. ഇതിനായി ഏഴ് ലക്ഷം രൂപയിലധികം ചിലവഴിച്ച് നിര്‍മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമാണ് രഹസ്യമായി വച്ചിരുന്ന ഉത്തരവ് പുറംലോകം അറിഞ്ഞത്. നിയമസഭാ മന്ദിരത്തില്‍ ഒരു നിര്‍മാണം നടത്തണമെങ്കില്‍ പ്രതിപക്ഷവുമായി ആലോചിച്ച് വേണമെന്ന കീഴ് വഴക്കവും ചട്ടവും ലംഘിച്ചാണ് പുതിയ നിര്‍മാണം. കഴിഞ്ഞ ബജറ്റ് സമയത്ത് വെച്ച നിര്‍ദ്ദേശമാണ് ഇതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ജി.കാര്‍ത്തികേയന്‍ സ്പീക്കര്‍ ആയിരുന്ന സമയത്ത് ഭരണാനുമതി ലഭിക്കുകയും എൻ ശക്തന്‍ സ്പീക്കറായിരുന്ന സന്ദര്‍ഭത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്ത കുട്ടികളുടെ ലൈബ്രറിയാണ് പൊളിച്ച് മാറ്റിയിരിക്കുന്നത്.

ഏഴ് ലക്ഷത്തിലധികം രൂപ ഇതിന് ചിലവായിട്ടുണ്ട്. ഇ എം എസ് സമൃതി മന്ദിരത്തിന്റെ നിര്‍മാണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ശരത് ചന്ദ്രന്‍ എന്ന ആളുടെ പേരിലാണ് പദ്ധതി നിര്‍മാണം നടക്കുന്നത്. ശരത് ചന്ദ്രന്റെ പേരില്‍ നിര്‍മാണം കോഴിക്കോട് ഊരാളുങ്കൽ സൊസൈറ്റിക്കാണ് ലഭിച്ചത് എന്നും റിപ്പോർട്ട് ഉണ്ട്.

Related Articles

Latest Articles