ബെംഗളൂരു : കർണാടകയിലെ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട നൂറുകണക്കിന് പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതശരീരങ്ങൾ മറവു ചെയ്തിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ കേരള നിയമസഭയുടെ ഇടപെടൽ ആവശ്യപ്പെട്ട അഭിഭാഷകൻ കെ.വി. ധനഞ്ജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ സുരേഷ് കുമാർ രംഗത്ത്. കർണാടകയുടെ സ്ഥാപനങ്ങളെയും പരമാധികാരത്തെയും അട്ടിമറിക്കുന്ന, കേട്ടുകേൾവിയില്ലാത്തതും അനാദരവുള്ളതുമായ നീക്കമാണിതെന്ന് സുരേഷ് കുമാർ കുറ്റപ്പെടുത്തി.
“കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നിയമമന്ത്രിയും ഉൾപ്പെടെയുള്ള ഒരു ഭരണസംവിധാനം സജീവമായി പ്രവർത്തിക്കുന്നുണ്ട്. ശക്തമായ നിയമചട്ടക്കൂടും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ, ഞങ്ങളുടെ സംസ്ഥാനത്തിനകത്തുള്ള ഒരു വിഷയത്തിൽ മറ്റൊരു സംസ്ഥാനത്തോട്, അവരുടെ നിയമസഭ വഴി തീരുമാനമെടുക്കാൻ ആവശ്യപ്പെടുന്നത് കേട്ടുകേൾവിയില്ലാത്തതും അംഗീകരിക്കാൻ കഴിയാത്തതുമാണ്,” സുരേഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.
ജൂലൈ 16-നാണ് അഭിഭാഷകൻ ധനഞ്ജയ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ധർമ്മസ്ഥലയിലെ കൂട്ടമരണം കേസിൽ ഉന്നത നിലവാരത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കേരള സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും, അന്വേഷണത്തിൽ കേരളാ പോലീസിനെ സഹായിക്കാൻ സുപ്രീം കോടതിയുടെ അനുമതി തേടണമെന്നും അദ്ദേഹം ഈ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
നിലവിൽ കർണാടക സർക്കാർ കേസ് അന്വേഷിക്കുന്നതിനായി 20 അംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട്. കേസിൽ മാദ്ധ്യമവിലക്ക് ഏർപ്പെടുത്തിയ ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം ലഭിച്ചിരുന്നു. കേരളത്തിന്റെ ഇടപെടൽ തേടിയ ധനഞ്ജയുടെ നടപടി കർണാടകയുടെ നിയമവ്യവസ്ഥയോടുള്ള അനാദരവായാണ് ബിജെപി കാണുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ ഇടപെടുന്നത് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി.

