Thursday, December 18, 2025

ടി കോമിന് കോടികളുടെ നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം ദുബായിലെ വമ്പന്മാരെ തൃപ്തിപ്പെടുത്താനോ? ആരോപണം തുടർന്ന് പ്രതിപക്ഷം; വെട്ടിലായ സർക്കാരിനെ രക്ഷിക്കാൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം

തിരുവനന്തപുരം: അമ്പേ പരാജയപ്പെട്ട സ്‍മാർട്ട് സിറ്റി പദ്ധതിയുടെ നടത്തിപ്പുകാരായ ടി കോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തിൽ വിവാദം കത്തിപ്പടരുന്നു. കരാറിൽ ടി കോമിന് നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥയില്ലെന്ന് മാത്രമല്ല പദ്ധതി പരാജയപ്പെട്ടാൽ ടി കോമാണ് നഷ്ടപരിഹാരം നൽകേണ്ടത് എന്നിരിക്കെയാണ് വിചിത്രമായ മന്ത്രിസഭാ തീരുമാനം വന്നത്. ഇത് വ്യക്തമായ അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകഴിഞ്ഞു. ടി കോം പ്രതിനിധി നഷ്ടപരിഹാര നിർണ്ണയ സമിതിയിൽ വന്നതും ദുരൂഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

പദ്ധതിയിൽ 16 ശതമാനം ഓഹരിമാത്രമാണ് സർക്കാരിനുള്ളത് ബാക്കി 84 ശതമാനം ടി കോമിന്റേതാണ്. ദുബായ് സർക്കാരുമായി ബന്ധമുള്ള കമ്പനിയാണ് ടി കോം. ദുബായിലെ ഉന്നതന്മാരെ പിണക്കാതിരിക്കാനാണ് തീരുമാനമെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. കേരള സർക്കാരിലെ ഉന്നതന്മാർക്ക് യു എ ഇ ബന്ധങ്ങളുണ്ട്. ഈ താല്പര്യങ്ങൾ സംരക്ഷിക്കാനായി ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്ന് പറഞ്ഞ് കേരളത്തെ വഞ്ചിച്ച കമ്പനിയെ സമ്മാനം കൊടുത്ത് പറഞ്ഞയയ്ക്കുകയാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.

പ്രതിപക്ഷ ആരോപണങ്ങളിൽ മറുപടിയില്ലാതെ നിൽക്കുന്ന സർക്കാരിനെ സഹായിക്കാൻ ഇന്ന് സിപിഎം
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. യോഗം വിഷയം ചർച്ച ചെയ്യും. നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും, ഭൂമി തിരിച്ചുപിടിക്കുമെന്നും, പുതിയ സംരംഭകർ വരുമെന്നുമാണ് സർക്കാർ ന്യായീകരണം.

Related Articles

Latest Articles