തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം .വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നടി ഷബാന ആസ്മിയാണ് വിശിഷ്ടാതിഥി.ഹോങ്കോങ്ങില്‍നിന്നുള്ള സംവിധായക ആന്‍ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
20 വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍നിന്നുള്ള 177 സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുക. സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാര്‍ഢ്യമായി സ്ത്രീ സംവിധായകരുടെ 52 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്.ശ്രദ്ധേയമായ 10 സിനിമകള്‍ ചലച്ചിത്രമേളയുടെ ആദ്യദിനം പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ ആറും ഫീമെയില്‍ ഗെയ്‌സ് വിഭാഗത്തില്‍ രണ്ടും ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍ ഒന്നും ചിത്രങ്ങളും ലൈഫ് ടൈം അച്ചീവ്‌മെന്റിന് അര്‍ഹയായ ആന്‍ ഹൂയിയുടെ ഒരു ചിത്രവുമാണ് ആദ്യദിനം പ്രദര്‍ശിപ്പിക്കുന്നത്.ഉദ്ഘാടനചിത്രമായ വാള്‍ട്ടര്‍ സാല്‍സിന്റെ ‘ഐ ആം സ്റ്റില്‍ ഹിയറി’ന്റെ പ്രദര്‍ശനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനച്ചടങ്ങിനുശേഷം നടക്കും.

