Tuesday, December 23, 2025

ലഹരി ഉപയോഗത്തിൽ പഞ്ചാബിനെയും കടത്തിവെട്ടി കേരളം ! രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരിക്കേസുകൾ കേരളത്തിൽ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യുറോ

ദില്ലി: ലഹരി ഉപയോഗത്തിൽ പഞ്ചാബിനെയും കടത്തിവെട്ടി കേരളം. കേന്ദ്ര നർക്കോട്ടിക് ബ്യുറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരിക്കേസുകൾ കേരളത്തിലാണ്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണെങ്കിലും പഞ്ചാബിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ ഇരട്ടിയിലധികം കേരളത്തിലുണ്ട്. രാജ്യത്താകെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ 30 ശതമാനത്തിലധികം കേരളത്തിലാണ്. ഒരു കാലത്ത് രാജ്യത്തിൻറെ ലഹരി ഹബ്ബായി അറിയപ്പെട്ടിരുന്നത് പഞ്ചാബായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ് ഇപ്പോൾ കേരളം

2024 ൽ കേരളത്തിൽ രജിസ്റ്റർ ചെയ്‌തത്‌ 27701 കേസുകളാണ്. 24517 ആളുകളാണ് കഴിഞ്ഞവർഷം അറസ്റ്റിലായത്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിൽ 9025 കേസുകൾ മാത്രമാണുള്ളത്. അറസ്റ്റിലായത് 7536 പേരാണ്. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 7536 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. 2023 ലും 2022 ലും കേരളം ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു. യഥാക്രമം 30715, 26916 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്‌ത കേസുകൾ. കഴിഞ്ഞ ആറുവർഷം സംസ്ഥാനത്ത് ലഹരിക്കേസുകളിൽ അറസ്റ്റിലായത് 111540 പേരാണ്.

വ്യാപകമായ ലഹരി ഉപയോഗം കേരളത്തിൽ ചർച്ചയാകുന്ന സമയത്താണ് കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ കണക്കുകൾ പുറത്തുവന്നത്. കേരളത്തിലെ ക്യാമ്പസുകളിലടക്കം ലഹരി ഉപയോഗം വ്യാപകമാകുന്നു. വിദേശത്തുനിന്നടക്കം കേരളത്തിലേക്ക് രാസലഹരി എത്തുന്ന സാഹചര്യമുണ്ട്. ലഹരിക്കെതിരെയുള്ള നീക്കങ്ങൾ ഫലപ്രദമാകാത്ത സാഹചര്യമുണ്ട്. ലഹരിയെ തടയാനുള്ള സർക്കാർ പദ്ധതികൾ പരാജയമെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.

Related Articles

Latest Articles