തിരുവനന്തപുരം: ചാക്കുകെട്ടിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നുവെന്ന മൊഴിയിൽ അന്വേഷണം ഒരടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പോലീസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന സമയത്ത് കിട്ടിയ മൊഴിയിൽ മാസങ്ങൾ കഴിഞ്ഞിട്ടും എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് പൊലീസിന് നാണക്കേടായി. ഇപ്പോൾ കേസ് ഇ ഡി ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ് കേരളാ പോലീസ്. ഡി വൈ എസ് പി, പി കെ രാജുവാണ് ഇ ഡിയ്ക്ക് കത്തുനൽകിയിരിക്കുന്നത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയ്ക്ക് ചാക്കുകെട്ടുകളിൽ ഫണ്ട് വന്നുവെന്നായിരുന്നു മൊഴി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വലിയ രാഷ്ട്രീയ ചർച്ച ഉയർന്നിരുന്നു. മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ ഈ മൊഴിയിലാണ് പുനരന്വേഷണത്തിന് ശ്രമിച്ച് പോലീസ് പരാജയപ്പെടുന്നത്. കേസിൽ മോഷണത്തിന്റെ വശം മാത്രമാണ് പൊലീസിന് അന്വേഷിക്കാൻ സാധിക്കുകയെന്നും കള്ളപ്പണം അന്വേഷിക്കേണ്ടത് ഇ ഡിയാണെന്നുമാണ് ഇപ്പോൾ പോലീസ് നിരത്തുന്ന ന്യായം. മൊഴി രാഷ്ട്രീയ പ്രേരിതമെന്നും ഉപതെരഞ്ഞെടുപ്പിന്റെ സ്വാധീനിക്കാനാണെന്നും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇരിങ്ങാലക്കുട കോടതിയില്‍ രണ്ടുഘട്ടങ്ങളിലായി കുറ്റപത്രം നല്‍കിയ കേസിലാണ് പ്രത്യേക അന്വേഷണസംഘം ഉപതെരഞ്ഞെടുപ്പ് സമയത്ത് പുനരന്വേഷണം ആരംഭിച്ചത്. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്, പ്രത്യേക അന്വേഷണസംഘ തലവനായിരുന്ന ഡിവൈ.എസ്.പി. വി.കെ. രാജു എന്നിവരില്‍നിന്ന് അന്ന് മൊഴിയെടുത്തിരുന്നു. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്.

