മാവേലിക്കര മുൻ എംഎൽഎയും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ. രാജേഷിനെതിരെ പരാതി നൽകി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. മഞ്ജു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെ കേരള ഹൈക്കോടതിയിലെ രണ്ട് സിറ്റിംഗ് ജഡ്ജിമാരെയും സർവകലാശാലാ കാര്യങ്ങളുമായി ബന്ധപ്പെട്ട സമീപകാല വിധിന്യായങ്ങളെയും നിയമനങ്ങളെയും പരസ്യമായി വിമർശിച്ചുവെന്നും വിധിന്യായങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിൽ ജുഡീഷ്യറിയിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കാൻ ആർ. രാജേഷ് ശ്രമിച്ചുവെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇന്നലെ വൈകുന്നേരം തന്റെ ഔദ്യോഗിക പേജിൽ ആർ. രാജേഷ് പങ്കുവച്ച പോസ്റ്റാണ് വിവാദമായിരിക്കുന്നത്. “സർവകലാശാലയുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കുന്ന ഹൈക്കോടതി ബെഞ്ചുകളിലേക്ക് കടുത്ത ‘സംഘപരിവാർ’ അനുകൂലികളെ മനഃപൂർവ്വം നിയമിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് ആർ. രാജേഷ് ജസ്റ്റിസ് ഡി.കെ. സിങ്ങിനെയും ജസ്റ്റിസ് എൻ. നാഗരേഷിനെയും പ്രത്യേകം ലക്ഷ്യം വെച്ചിരുന്നു.
പോസ്റ്റിൽ രാജേഷ് വസ്തുതാപരമോ നിയമപരമായതോ ആയ യാതൊരു അടിസ്ഥാനവുമില്ലാതെ ജഡ്ജിമാർക്ക് ‘സംഘപരിവാറുമായി ബന്ധമുള്ളതായി സൂചന നൽകുന്നുവെന്നും അതുവഴി ജഡ്ജിമാരുടെ നിഷ്പക്ഷതയിൽ സംശയമുണ്ടാക്കുന്നുവെന്നും പരാതിയിൽ അഡ്വ. മഞ്ജു പറയുന്നു. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നീതിയുടെ ന്യായമായ നടത്തിപ്പിനെയും ദുർബലപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇവ 1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 2(c)(i) ഉം (ii) ഉം എന്നിവയുടെ പരിധിയിൽ വരുന്നതും 1971 ലെ കോടതിയലക്ഷ്യ നിയമപ്രകാരം ക്രിമിനൽ കോടതിയലക്ഷ്യമായി കണക്കാക്കുന്നതുമാണെന്നും അഡ്വ. മഞ്ജു ചൂണ്ടിക്കാട്ടി.

