Monday, December 22, 2025

ആഞ്ഞുപിടിച്ചാൽ കേരളം ബിജെപിക്കൊപ്പം ! അരയും തലയും മുറുക്കിബിജെപി കളി തുടങ്ങി

ബിജെപി കേരളത്തിൽ അരയും തലയും മുറുക്കി ഇറങ്ങി കഴിഞ്ഞു . ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കൈവരിക്കേണ്ട ലക്ഷ്യമായിരുന്നു പ്രധാന ചർച്ച. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുകൾ പരിശോധിച്ചാൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി മുന്നിലാണ്. 9 സീറ്റുകളിൽ രണ്ടാം സ്ഥാനത്തും. 35000ത്തിലധികം വോട്ട് നേടിയ 55ലധികം സീറ്റുകളുണ്ട്. ഇവിടെ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗത്തിൽ നിന്നും മികച്ച പിന്തുണ ലഭിച്ചുതുടങ്ങിയെന്നാണ് വിലയിരുത്തൽ.ജൂലൈ ഒമ്പതിന് തിരുവനന്തപുരത്ത് ബിജെപിയുടെ വിശാല നേതൃയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ള വോട്ടുകൾ ഇത്തവണ ബിജെപി സ്ഥാനാർഥികൾക്ക് ലഭിച്ചതാണ് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നത്. ചിട്ടയായ പ്രവർത്തനം നടത്തിയാൽ കേരളത്തിൽ ഇനിയും മുന്നേറാമെന്ന് നേതൃത്വം കരുതുന്നു. വികസന രാഷ്ട്രീയമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു .ക്രൈസ്തവ സമുദായ നേതാക്കളിൽ എല്ലാവരുടെയും പിന്തുണ ലഭിച്ചില്ലെങ്കിലും തൃശൂർ, കണ്ണൂർ മണ്ഡലങ്ങളിൽ സമുദായംഗങ്ങൾ വോട്ട് ചെയ്തുവെന്നു ബിജെപി നേതൃത്വം വിലയിരുത്തി. ഹിന്ദുക്കളിലെ എല്ലാ വിഭാഗത്തെയും കൂടെ നിർത്താനുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. ഒപ്പം ക്രൈസ്തവ സമുദായത്തെ അടുപ്പിക്കാനുള്ള ശ്രമങ്ങളും തുടരും.

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വലിയ ഒരുക്കം പാർട്ടി നടത്തും. പി രഘുനാഥിന് മണ്ഡലത്തിന്റെ ചുമതല നൽകി കഴിഞ്ഞു. വയനാട്ടിൽ എംടി രമേശും ചേലക്കരയിൽ കെകെ അനീഷ് കുമാറും മേൽനോട്ടം വഹിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മികച്ച പ്രകടനം ബിജെപി കാഴ്ചവച്ചിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി.

35 സീറ്റ് ലഭിച്ചാൽ കേരളം എൻഡിഎ ഭരിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അന്നത്തെ വോട്ട് കണക്കുകൾ ബിജെപിയുടെ ഈ വാദത്തിന് ബലമേകിയിരുന്നില്ല. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ മൊത്തം മാറിയിരിക്കുന്നു. ആഞ്ഞുപിടിച്ചാൽ കൂടെ പോരുന്ന മണ്ഡലങ്ങളുണ്ട് എന്ന് ബിജെപിക്ക് വ്യക്തമായിരിക്കുകയാണ്.

സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ബിജെപി സ്ഥാനാർഥികൾ വോട്ട് പിടിച്ചതാണ് ബിജെപിക്ക് പ്രതീക്ഷ ഇരട്ടിയാക്കുന്നത്. സർക്കാരിനെതിരായ വികാരം പരമാവധി വോട്ടാക്കാനുള്ള ശ്രമങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകും. തലശേരി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുതിർന്ന നേതാവ് പികെ കൃഷ്ണദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വോട്ടുള്ള പഞ്ചായത്തുകളിൽ തുടർച്ചയായി പൊതുപരിപാടികൾ സംഘടിപ്പിച്ച് സംസ്ഥാന നേതാക്കളുടെ നിറസാന്നിധ്യം ഉറപ്പാക്കാനാണ് തീരുമാനം. യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ പ്രതിരോധിക്കേണ്ട അവസ്ഥയിലേക്കാണ് സിപിഎം എത്തിയിരിക്കുന്നത്.

Related Articles

Latest Articles