Monday, May 20, 2024
spot_img

കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ അശോക് ഗെ‌ഹ്‌ലോട്ടും, ‘മിഷൻ 60’നും; ഇനി എന്താകുമോ എന്തോ?

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ പഠിച്ച പണി 18 ഉം പയറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്സ്. നിയമസഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇത്തവണ ‘മിഷൻ 60’ നടപ്പാക്കാനാണ് ഒരുങ്ങുന്നത്. ഇതിനോടനുബന്ധിച്ച് കർശന നിർദ്ദേശം കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നൽകി. തുടർന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഹൈക്കമാൻഡ് തീരുമാനം സംസ്ഥാന നേതാക്കളെ അറിയിച്ചത്.

‘മിഷൻ 60’യുടെ ഭാഗമായി സംസ്ഥാന നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട എഴുപത് സീറ്റുകളിൽ അറുപത് സീറ്റുകൾ ഒറ്റയ്‌ക്ക് നേടുകയാണ് കോൺഗ്രസ് ഇത്തവണ ലക്ഷ്യമിടുന്നത്. കോൺഗ്രസ് കണക്കുകൂട്ടുന്നത് ഇരുപതോളം സീറ്റുകൾ ലീഗ് നേടുമെന്നാണ്. അതേ സമയം മറ്റ് ഘടകക്ഷികൾ ചേർന്ന് പത്തോളം സീറ്റും നേടുന്നതോടെ 90 എന്ന നമ്പറിലേക്ക് മുന്നണി എത്തിച്ചേരുമെന്നാണ് ഹൈക്കമാൻഡ് കണക്കുകൂട്ടൽ . അറുപത് സീറ്റുകൾ നേടുക വഴി മുന്നണിയിൽ അപ്രമാദിത്വം ഉറപ്പിക്കാനും കോൺഗ്രസിന് കഴിയുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കരുതുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിനടക്കം വളരെയധികം ശുഭപ്രതീക്ഷ വച്ച് പുലർത്തിയിരുന്ന സംസ്ഥാനമായ കേരളത്തിലെ സാഹചര്യം പാർട്ടിക്ക് ഗുണകരമല്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന് മനസിലായത്. പ്രാദേശിക തിരഞ്ഞെടുപ്പും വ്യക്തിബന്ധവും വോട്ടുകണക്കുമൊക്കെ പറഞ്ഞ് സംസ്ഥാന നേതാക്കൾ തോൽവിയെ ന്യായീകരിക്കുന്നുണ്ടെങ്കിലും അത് വിശ്വസിക്കാൻ താരിഖ് അൻവറും സംഘവും തയ്യാറായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇപ്പോഴെ തുടങ്ങാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്. പാർട്ടി മത്സരിക്കുന്ന സീറ്റുകളിൽ ജയിക്കാൻ ഉറപ്പുളള സീറ്റുകൾ, 50:50 സാദ്ധ്യതയുളള സീറ്റുകൾ, തീരെ സാദ്ധ്യത കുറഞ്ഞ സീറ്റുകൾ എന്നിങ്ങനെ മൂന്നായി വേർതിരിക്കും. നിലവിലുള്ള പകുതി സാദ്ധ്യത ജയത്തിലേക്കെത്തിക്കാനും തീർത്തും സാദ്ധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണവും നടക്കുന്നുണ്ട്. താരിഖ് അൻവർ കൃത്യമായ ഇടവേളകളിൽ കേരളത്തിലെത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എ.ഐ.സി.സി സെക്രട്ടറിമാരായ വിശ്വനാഥനും പി.വി. മോഹനും ഐവാൻ ഡിസൂസയും മണ്ഡലതലത്തിൽ നേതാക്കളുമായി ചർച്ച തുടരും.

പാർട്ടി തലത്തിൽ കേരളത്തിൽ കോൺഗ്രസിന് പൊതുവെ ഉണ്ടായിരുന്ന പ്രശ്നങ്ങൾ വിലയിരുത്തി ബൂത്ത് തലം മുതലുളള അഴിച്ചുപണിയും മുതൽ സ്ഥാനാർത്ഥി ആരാകണമെന്ന അഭിപ്രായം വരെ എ.ഐ.സി.സി പ്രതിനിധികൾ വിലയിരുത്തും. മുതിർന്ന നേതാക്കളായ അശോക് ഗെ‌ഹ്‌ലോട്ടും ജി. പരമേശ്വരയുമടക്കമുളളവരെ കൂടി സംസ്ഥാനത്തേക്ക് നിയോഗിച്ചതോടെ സ്ഥാനാർത്ഥി നിർണയത്തിലടക്കം ഹൈക്കമാൻഡ് പിടിമുറുക്കുമെന്നുറപ്പാണ്. മാത്രമല്ല ഗ്രൂപ്പ് അടിസ്ഥാനത്തിലുളള വീതം വയ്‌‌പ്പ് ഇനി നടക്കില്ല. കേരളത്തിലെ മുതിർന്ന നേതാക്കളെ കൂടി കണക്കിലെടുത്താണ് മുതിർന്ന അംഗം കൂടിയായ ഗെഹ്‌ലോട്ടിനെ കൊണ്ടുവരുന്നത്. ഗ്രൂപ്പാണ് പ്രശ്‌നമെന്ന വ്യാപകപരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ.

Related Articles

Latest Articles