Tuesday, May 14, 2024
spot_img

നിർണ്ണായക നീക്കങ്ങളുമായി കസ്റ്റംസ്;നിയമസഭാസമ്മേളനം കഴിഞ്ഞാലുടൻ സ്‌പീക്കറെ ചോദ്യം ചെയ്യും

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. സ്പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തയ്യാറെടുക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കും.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമെൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി. കസ്റ്റംസ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

എൻഫോഴ്സ്മെന്റും സമാനമായ കേസിൽ അന്വേഷണം നടത്തുന്നതിനാൽ അവരും സ്പീക്കറെ ചോദ്യം ചെയ്തേക്കും. സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്. ഈ ഡോള‍ര്‍ ദുബായില്‍ കൈപ്പറ്റിയ മലപ്പുറം സ്വദേശികളായ രണ്ടുപേരെ കസ്റ്റംസ് ഈ ആഴ്ച ചോദ്യം ചെയ്യും.

ഡോളർ വിദേശത്തേക്ക് കടത്തിയ കേസിൽ സ്പീക്കറുടെ പങ്കാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

Related Articles

Latest Articles