ശബരിമല: 26 ന് നടക്കുന്ന സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം ഗ്രഹണ സമയത്ത് അടച്ചിടും. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ക്ഷേത്രനട അടച്ചിടുക.
അന്നെ ദിവസം പുലര്‍ച്ചെ 3 മണിക്ക് ആണ് ക്ഷേത്രനട തുറക്കുന്നത്. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം ഉണ്ടാകും. ശേഷം ഉഷപൂജ കഴിച്ച് 7.30 ന് തിരുനട അടയ്ക്കുന്നതാണ്. 2019 ഡിസംബര്‍ 26 ന് രാവിലെ 8.06 മുതല്‍ 11.13 മണി വരെയാണ് സൂര്യഗ്രഹണം.ഗ്രഹണം കഴിഞ്ഞ് 11.30 ന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. ഇതിനു ശേഷം 1 മണിക്കൂര്‍ സമയം നെയ്യഭിഷേകം ഉണ്ടായിരിക്കും.
കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ. അതു കഴിഞ്ഞ് തിരുനട അടയ്ക്കും.മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും. വൈകുന്നേരം 5.30 ഓടെ തങ്ക അങ്കി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ശരംകുത്തിയിലേക്ക് യാത്ര തിരിക്കും.
6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ വച്ച് സ്വീകരണം നല്‍കും. 6.25 ഓടെ തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും.ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും.
മണ്ഡലപൂജ ദിനമായ ഡിസംബര്‍ 27ന് പുലര്‍ച്ചെ 3 മണിക്ക് ക്ഷേത്രനട തുറക്കും.10 മണിക്കും 11.40നും ഇടയ്ക്ക് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. ഉച്ചക്ക് 1 മണിക്ക് നട അടക്കും.രാത്രി 9.50 ന് ഹരിവരാസനം പാടി പൊന്നമ്പലത്തിന്‍ തിരുനട അടയ്ക്കും.ഇതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനും പരിസമാപ്തിയാകും.

