Sunday, December 14, 2025

പാർട്ടിയെയും പറ്റിച്ചു;സക്കീർ ഹുസ്സൈൻ സമ്പാദിച്ചത് കോടികൾ,ഗുണ്ടാപ്പണികൾ ഇഷ്ടംപോലെ,എന്നും വിവാദനായകൻ

കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി,സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്തുസമ്പാദനം നടത്തിയെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. നാല് വീടുകള്‍ കളമശേരിയില്‍ 10 വര്‍ഷത്തിനുള്ളില്‍ വാങ്ങി, പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തി, ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയി, തുടങ്ങിയ വിവരങ്ങളാണ് സക്കീര്‍ ഹുസൈനെതിരെ റിപ്പോര്‍ട്ടിലുള്ളത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ  തുടര്‍ന്ന്  സക്കീർ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സക്കീർ ഹുസൈനെതിരെ നടപടിയാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഇഡിക്ക് പരാതി നല്‍കി.  സക്കീർ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു ഉയര്‍ന്ന പരാതി. രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോൺ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമായിരുന്നു സക്കീർ ഹുസൈൻ പാർട്ടിക്ക് നൽകിയ വിശദീകരണം. ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തൽ, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തൽ, ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാർക്ക് നേരെ തട്ടിക്കയറൽ ഇങ്ങനെ നിരവധി വിവാദങ്ങൾ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തയാളാണ് സക്കീർ ഹുസൈൻ.

Related Articles

Latest Articles