കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങി. എറണാകുളം – ബെംഗളൂരു പാതയിലാണ് പുതിയ വന്ദേഭാരത്. ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് രാത്രി പത്ത് മണിയോടെ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 620 കിലോമീറ്റർ ദൂരം 9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ട്രെയിൻ ഓടിയെത്തുന്നത്. തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരു കന്‍റോൺമെന്റിൽ എത്തും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെംഗളൂരു കന്‍റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.20ന് എറണാകുളം ജങ്ഷനിലെത്തും.
നിലവിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് സർവീസ് നടക്കുക. സർവീസ് സ്ഥിരമാക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല

