ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് ഖലിസ്ഥാൻ അനുകൂല പ്രതിഷേധവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ എതിർപ്രകടനവും മുഖാമുഖം ഏറ്റുമുട്ടി. പതാക ഉയർത്തൽ ചടങ്ങിനായി ഒത്തുകൂടിയ ഇന്ത്യൻ സമൂഹം, ഖാലിസ്ഥാനി പ്രതിഷേധക്കാരോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഭാരതത്തിന്റെ അഖണ്ഡത സംരക്ഷിക്കുമെന്ന് ഇന്ത്യൻ സമൂഹം പ്രതിജ്ഞയെടുത്തു.
ഭാരതത്തിനും ഭാരതത്തിന്റെ അഖണ്ഡതയ്ക്കുമെതിരെ ഖാലിസ്ഥാനികൾ പ്രതിഷേധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇന്ത്യൻ സമൂഹം പ്രതികരിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
“ഞങ്ങൾ പതാക ഉയർത്തുന്നതിനായി ഇന്ത്യൻ ഹൈക്കമ്മീഷനിൽ എത്തി. ഖാലിസ്ഥാനികൾ നമ്മുടെ ദേശീയ പതാകയെ അപമാനിക്കുന്നത് കണ്ടപ്പോൾ പ്രതികരിക്കാൻ ഞങ്ങൾക്ക് തോന്നി. അവരുടെ പ്രവർത്തനങ്ങൾ നമ്മെയോ നമ്മുടെ രാജ്യത്തെയോ ബാധിക്കില്ല. നാം എണ്ണത്തിൽ കുറവാണെങ്കിലും, എങ്കിലും നമ്മുടെ ആത്മാവ് ശക്തമാണ്. അവസാന ശ്വാസം വരെ ഞങ്ങൾ പോരാടും.”- ഖാലിസ്ഥാനികൾക്കെതിരെ പ്രതികരിച്ച ഒരു പ്രവാസി പറഞ്ഞു.
നേരത്തെ അടിയന്തരാവസ്‌ഥ ആസ്‌പദമാക്കിയുള്ള ‘എമര്‍ജന്‍സി’ എന്ന സിനിമയ്‌ക്കെതിരേ ബ്രിട്ടനില്‍ ഖലിസ്‌ഥാന്‍ അനുകൂലികളുടെ പ്രതിഷേധം ശക്‌തമായതോടെ ഇടപെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടിരുന്നു. ബ്രിട്ടനിലുടനീളമുള്ള സിനിമാ തിയറ്ററുകളില്‍ അതിക്രമിച്ച് കയറുകയും ‘എമര്‍ജന്‍സി’യുടെ പ്രദര്‍ശനം തടസപ്പെടുത്തുകയും ചെയ്‌ത ഖലിസ്‌ഥാന്‍ തീവ്രവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം ബ്രിട്ടനോട് ആവശ്യപ്പെട്ടു.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും കുറച്ചുപേര്‍ക്കു മാത്രം ബാധകമാക്കാന്‍ കഴിയില്ലെന്നും അത് എല്ലാവര്‍ക്കും ബാധകമാണെന്നും വിദേശകാര്യ വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. സിനിമാ പ്രദര്‍ശനം ബലംപ്രയോഗിച്ച് തടസപ്പെടുത്തുന്നതിനെതിരേ ബ്രിട്ടന്‍ കര്‍ശന നടപടിയെടുക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതുസംബന്ധിച്ച ആശങ്ക ബ്രിട്ടീഷ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥയെ ആസ്‌പദമാക്കിയാണ് എമര്‍ജന്‍സി എന്ന സിനിമ പുറത്തിറക്കിയത്. കങ്കണ റണൗട്ടാണ് സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്.
വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ സിനിമ കാണാനെത്തിയവരെ മുഖംമൂടി ധരിച്ച ഖലിസ്‌ഥാനി തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ കങ്കണ റണൗട്ടിന്റെ പുതിയ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ അതിക്രമിച്ച് കയറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

