Saturday, December 13, 2025

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് രണ്ട് പേര്‍ കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസിന് വിവരം നല്‍കി. പൊലീസ് എത്തി വിവരം തിരക്കിയപ്പോള്‍ കുട്ടി മരിച്ചതാണെന്നും ബസില്‍ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനാലാണ് ഇവിടെ അടക്കുന്നതെന്നും മൊഴി നല്‍കി.

തന്റെ പേരമകളുടെ കുട്ടിയാണെന്നും പേരമകളും പ്രസവത്തിനിടെ മരിച്ചെന്നും പൊലീസിനെ അറിയിച്ചു. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ബാഗില്‍ അടച്ച നിലയിലായിരുന്നു കുട്ടി. എന്നാല്‍, ബാഗ് തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി. കുഞ്ഞിന് ജീവനുണ്ടായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തച്ഛനും അമ്മാവനുമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles