പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയരുമ്പോഴും ആചാരപ്പെരുമയിൽ ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. രാവിലെ 11 നും 12 നും ഇടയിലാണ് കൊടിയേറ്റ്. 8 മണിയോടെ ചടങ്ങുകൾ ആരംഭിക്കും. വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്‌മി നാരായണ ക്ഷേത്രം എന്നിവിടങ്ങളിൽ കൊടിയേറ്റുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായി. 13 നാണ് ഒന്നാം തേര്. അന്ന് വൈകുന്നേരം രഥ പ്രയാണം ആരംഭിക്കും. 15 നാണ് പ്രശസ്‌തമായ ദേവരഥ സംഗമം.
നേരത്തെ നവംബർ 13 ന് നിശ്ചയിച്ചിരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൽപ്പാത്തി രഥോത്സവം പ്രമാണിച്ചാണ് 20 ലേക്ക് മാറ്റിയത്. വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ക്ഷേത്രങ്ങളിൽ രാവിലെ മുതൽ ഭക്തജനത്തിരക്കുണ്ട്. സ്ഥാനാർത്ഥികളടക്കം ഉന്നത നേതാക്കൾ ഇത്തവണ കൊടിയേറ്റിനെത്തും.

