Saturday, December 20, 2025

കൂടത്തായി കൊലക്കേസിലെ പ്രതി ജോളിയെ സഹായിച്ചവരില്‍ സി.പി.എം പ്രാദേശിക നേതാവും

കോഴിക്കോട്- കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി ജോളിയെ സഹായിച്ചവരില്‍ സിപിഎം പ്രാദേശിക നേതാവും. കൂടത്തായി മേഖലയിലെ സിപിഎം നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചുവെന്നും, സാക്ഷിയായി ഒപ്പിട്ടുവെന്നുമാണ് വ്യക്തമായിട്ടുള്ളത്. സിപിഐഎം നേതാവിന് പുറമെ മുസ്ലിം ലീഗ് പ്രദേശിക നേതാവും സഹായിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക മുസ്ലിം ലീഗ് നേതാവും സിപിഐഎം നേതാവും ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആണ് ഉള്ളത്. വൈകാതെ ഇവരെ വീണ്ടും ചോദ്യം ചെയ്യും.

ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടത് സിപിഐഎം പ്രാദേശിക നേതാവാണ്. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ചുവെന്നും കണ്ടെത്തി.ജോളിയുമായി ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന മുസ്ലിം ലീഗ് നേതാവിന് ജോളിയുമായും വീടുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു..ഇയാള്‍ക്ക് ജോളി സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഓമശ്ശേരി പഞ്ചായത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. റോജോയുമായി ഈ മുസ്ലിം ലീഗ് നേതാവ് വാക്കേറ്റം ഉണ്ടായതായി വെളിപ്പെടുത്തലുണ്ട്.

കഴിഞ്ഞ ദിവസം കേരളാ പൊലീസിന്റെ സി ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ ജോളിയുടെ വീട്ടില്‍ നിന്ന് അമ്പതിനായിര രൂപയുടെ ഒരു ചെക്ക് കണ്ടെടുത്തിരുന്നു. സിപിഐഎം പ്രാദേശിക നേതാവിന്റെ ചെക്ക് ആയിരുന്നു ഇത്. ഒരാഴ്ച മുമ്പ് ഈ പ്രാദേശിക നേതാവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ജോളി ഇയാളെ സന്ദര്‍ശിച്ചിരുന്നു. പൊലീസ് ചോദിച്ചത് ഒസ്യത്തിനെ കുറിച്ചാണെന്ന് അന്ന് സിപിഐഎം പ്രാദേശിക നേതാവ് ജോളിയോട് വെളിപ്പെടുത്തിയിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതി പട്ടികയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാനാണ് സാധ്യത എന്നാണ് സൂചന. ഒസ്യത്തില്‍ ഒപ്പിട്ടവര്‍ക്ക് നേട്ടമുണ്ടായോ എന്നും ഭൂമി ഇടപാടില്‍ കൂടുതല്‍ പേരുടെ പങ്കും അന്വേഷിക്കും. കൂടത്തായിയിലെ മൂന്ന് പ്രദേശിക നേതാക്കളെ അടുത്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. കൂടാതെ ജോളിയുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോളിന്റെ വിശദാശങ്ങളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ഏഴ് പേരെയും ചോദ്യം ചെയ്യും. ഇതിന് പുറമെ എന്‍ഐടി ക്യാംപസില്‍ എത്തി അന്വേഷണ സംഘം പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
റിമാന്‍റിലുള്ള 3 പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ബുധനാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

Related Articles

Latest Articles