Saturday, December 20, 2025

കോട്ടയം മെഡിക്കൽ കോളേജ് അപകടം ! ഉണ്ടായത് തികഞ്ഞ അനാസ്ഥ ! മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത് ; രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന മന്ത്രിമാരുടെ വാദം പൊളിയുന്നു !

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നതിന് പിന്നാലെ തിരച്ചിൽ നടത്തിയെന്ന മന്ത്രിമാരുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അപകടം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം നടത്താതെ നിഷ്ക്രിയരായി നിൽക്കുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്യോഗസ്ഥരോട് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതും പുറത്തുന്ന വന്ന ദൃശ്യങ്ങളിൽ കാണാം.

അപകടത്തിൽപെട്ട് മരിച്ച ബിന്ദുവിന്റെ ഭർത്താവ് ചാണ്ടി ഉമ്മനോട് കാര്യങ്ങൾ വിവരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആന്‍റിയെ ഫോൺ വിളിച്ചോ? എന്ന് ചാണ്ടി ഉമ്മൻ ചോദിക്കുന്നതും എന്നാൽ ഫോൺ എടുക്കുന്നില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ശേഷം തൊട്ടടുത്ത് നിൽക്കുന്ന പ്രവർത്തകരോട് എവിടെ പോയി എന്ന കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടുന്നതും കാണാം.

അപകടസ്ഥലത്ത് നിസ്സഹായരായി നിൽക്കുന്നവരോട് ചാണ്ടി ഉമ്മൻ എന്താണ് അപകടസ്ഥലം ക്ലിയർ ചെയ്യാത്തത് എന്ന് ചോദിക്കുന്നുണ്ട്. ‘ഇതെന്താണ് ഇതുവരെ ക്ലിയർ ചെയ്യാത്തത്. ആരെങ്കിലും ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോ ഇല്ലേ എന്ന് അറിയണ്ടേ. ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ ഇല്ലെന്ന് പോലും നമുക്കറിയില്ലാല്ലോ’- സംഭവസ്ഥലത്ത് നിൽക്കുന്ന ഉദ്യോഗസ്ഥരോട് ചാണ്ടി ഉമ്മൻ ചോദിക്കുന്നത് വീഡിയോയിലുണ്ട്.

ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടാകുന്നത്. തുടർന്ന് ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ടെന്നും പൂർണ്ണമായ രീതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. എന്നാൽ പുറത്തുവന്ന വീഡിയോയിൽ രക്ഷാപ്രവർത്തനം സംബന്ധിച്ച യാതൊന്നും നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

Related Articles

Latest Articles