Wednesday, December 17, 2025

നാലുചുറ്റും പഴക്കംചെന്ന കെട്ടിടങ്ങൾ ! ജെ സി ബി എത്തിക്കാൻ പോലും വഴിയില്ല ! ഉപയോഗിക്കാത്ത കെട്ടിടമെന്ന മന്ത്രിമാരുടെ പ്രസ്‌താവനകൾ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു ! രണ്ടരമണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ബിന്ദുവിന് ദാരുണാന്ത്യം

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിയായ 52 കാരിയായ ബിന്ദുവാണ് മരിച്ചത്. മറ്റ് രണ്ടുപേർക്ക് നിസ്സാര പരിക്കുകളുമുണ്ട്. രാവിലെ പത്തേമുക്കാലോടെ നടന്ന അപകടത്തിൽ ബിന്ദു കുടുങ്ങിക്കിടക്കുന്നു എന്നകാര്യം ആരും അറിയാതെ പോയി എന്നതാണ് വസ്‌തുത. അപകടസ്ഥലത്തേക്ക് ജെ സി ബി അടക്കമുള്ള വാഹനങ്ങൾ എത്തിക്കാൻ സാധിച്ചിരുന്നില്ല. ചുറ്റുപാടും കെട്ടിടങ്ങൾ ആയിരുന്നതിനാൽ ജെ സി ബിയ്ക്ക് അവിടേക്ക് അടുക്കാനായില്ല. ഒടുവിൽ ആശുപതിക്കുള്ളിലെ ഇരുമ്പ് ഗ്രില്ലുകൾ പൊളിച്ചുമാറ്റിയാണ് ജെ സി ബി അപകട സ്ഥലത്തേക്ക് എത്തിച്ചത്.

ഉപയോഗിക്കാത്ത ആളൊഴിഞ്ഞ കെട്ടിടമാണ് തകർന്നതെന്ന് മന്ത്രിമാരുടെ പ്രസ്‌താവനകൾ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. എന്നാൽ കൂട്ടിരുപ്പുകാരടക്കം ആ കെട്ടിടത്തിലുള്ള ശുചിമുറികൾ ഉപയോഗിച്ചിരുന്നു. ഇങ്ങനെ കെട്ടിടത്തിൽ കുടുങ്ങുകയായിരുന്നു ബിന്ദു. മകളുടെ ചികിത്സയ്ക്കായിട്ടാണ് ബിന്ദു മെഡിക്കൽ കോളേജിൽ എത്തിയത്. ബിന്ദുവിനെ കാണാനില്ലെന്ന് മകളാണ് ബന്ധുവിനെ അറിയിക്കുന്നത്. അപകടം നടന്ന ഏറെനേരം കഴിഞ്ഞാണ് ബിന്ദുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ അറിഞ്ഞത്. അതിന് ശേഷമാണ് അപകടസ്ഥലത്ത് അധികൃതർ തെരച്ചിൽ ആരംഭിച്ചത്. രണ്ടര മണിക്കൂറാണ് ബിന്ദു അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത്.

ഫിറ്റ്നസ് ഇല്ലെന്ന് കണ്ട് ഉപേക്ഷിച്ച കെട്ടിടത്തിൽ രോഗികളും കൂട്ടിരുപ്പുകാരും എങ്ങനെ എത്തി എന്ന ചോദ്യം അവശേഷിക്കും. മന്ത്രിമാരായ വി എൻ വാസവനും വീണാ ജോർജുമാണ് അപകടസ്ഥലത്തെത്തി ആളൊഴിഞ്ഞ കെട്ടിടമാണെന്നും ആരും അവശിഷ്ടങ്ങളിൽ പെട്ടിട്ടില്ലെന്നും പ്രഖ്യാപിച്ചത്. ഇതാണ് രക്ഷാദൗത്യത്തിന്റെ വേഗത കുറച്ചെന്നാണ് പരാതി ഉയരുന്നത്. ജെ സി ബിയ്ക്ക് അപകട സ്ഥലത്ത് എത്താൻ കഴിയാത്തതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.

Related Articles

Latest Articles