കോഴിക്കോട് : കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. 59 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തുന്നത്. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ എന്‍. സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തിയത്.
1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചുവന്നതോടെയാണ് കാനത്തില്‍ ജമീലയുടെ ജൈത്രയാത്ര തുടങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവർ വളര്‍ച്ച നേടിയത്. കുറ്റ്യാടി പോലുള്ള ഒരു ഗ്രാമീണ മേഖലയില്‍ ജനിച്ച കാനത്തില്‍ വിവാഹിതയായി എത്തിയത് തലക്കുളത്തൂരാണ്. അവിടെ ഒരു വീട്ടമ്മയായി കഴിഞ്ഞിരുന്ന ജമീല 1995 ലാണ് തലക്കുളത്തൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. ആ വർഷം തന്നെ പഞ്ചായത്ത് പ്രസിഡന്‍റായി സജീവ രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്ത് വെക്കുകയും ചെയ്തു.
അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തില്‍ ജമീല. പരേതരായ ടി.കെ. ആലിയുടേയും മറിയത്തിന്റേയും മകളാണ്. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍. മക്കള്‍: അയ്റീജ് റഹ്‌മാന്‍ (യുഎസ്എ), അനൂജ സുഹൈബ് (ന്യൂനപക്ഷ കോർപ്പറേഷൻ ഓഫീസ്- കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ.

