കോഴിക്കോട് : കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ വീണ്ടും നവകേരളാ ബസ് സർവീസ് മുടങ്ങി. അറ്റകുറ്റപ്പണിക്കായി ബസ് ഒരാഴ്ചയോളമായി വര്‍ക്ക് ഷോപ്പിലാണെന്നും ഇക്കാരണത്താലാണ് ഓട്ടം മുടങ്ങിയതെന്നുമാണ് വിശദീകരണം. നവകേരള സദസ് യാത്രയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്. എന്നാല്‍, പിന്നീട് കയറാൻ ആളില്ലാത്തതിനാല്‍ നേരത്തെ ബസിന്‍റെ സര്‍വീസ് മുടങ്ങിയിരുന്നു.
വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായാണ് പലപ്പോഴും ബസ് സർവീസ് നടത്തിയത്. കോഴിക്കോട് റീജിയണൽ വർക്ക് ഷോപ്പിലാണ് ബസ് ഇപ്പോഴുള്ളത്. കയറാൻ ആളില്ലാത്തതിനാലാണ് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
എയർ കണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്.സർവീസ് ഉദ്ഘാടനം ചെയ്ത വേളയിൽ കയറാൻ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി. യാത്രക്കാർ ഈ സർവീസിനോട് മുഖം തിരിക്കുകയായിരുന്നു.
നവകേരള യാത്രയ്‌ക്ക് ലക്ഷങ്ങൾ പൊടിച്ച് നിരത്തിലിറക്കിയ ബസ് നവകേരള യാത്രാ സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് ബസ് സർവീസ് ആരംഭിച്ചത്.

