Saturday, December 20, 2025

കോഴിക്കോട് ഭീകരാക്രമണം; ട്രെയിനില്‍നിന്നു 3 പേര്‍ വീണു മരിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് പ്രതി ഷാരൂഖ് സെയ്‌ഫിയുടെ മൊഴി

കോഴിക്കോട്∙ കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ട്രെയിനില്‍നിന്നു മൂന്നു പേര്‍ വീണു മരിച്ചതില്‍ തനിക്ക് പങ്കില്ലെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. താൻ ആരെയും തള്ളിയിട്ടിട്ടില്ലെന്നാണ് ഇയാൾ പറഞ്ഞിരിക്കുന്നത്. മൂന്നു പേരുടെ മരണത്തില്‍ ഷാരൂഖിന് പങ്കുണ്ടെന്നുള്ള കണ്ടെത്തലിനെ തുടർന്ന് കേസില്‍ പ്രതിക്കെതിരെ നേരത്തെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.

കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് ആക്രമത്തിന് പിന്നാലെ പുലർച്ചയോടെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അതെ സമയം മൂന്നു പേർക്കും പൊള്ളലേറ്റിട്ടില്ല. തലയ്ക്കേറ്റ ക്ഷതവും അപകടത്തെത്തുടർന്നുള്ള രക്തസ്രാവവുമാണു മരണകാരണം. ട്രെയിനിന് തീപിടിച്ചു എന്ന ധാരണയിൽ പ്രാണരക്ഷാർത്ഥം ട്രെയിനിൽ നിന്ന് ഇവർ ചാടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.എന്നാൽ ഇവരെ തള്ളിയിട്ടതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ട്രെയിനിൽ യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ച് തീവച്ചത് തന്റെ തോന്നലിന്റെ പുറത്തു ചെയ്തതാണെന്നും ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണു ലക്ഷ്യമിട്ടത്, കേരളം എന്ന് ഉറപ്പിച്ചിരുന്നില്ലെന്നും ഷാരൂഖ് സെയ്ഫി കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു. എന്നാൽ കൃത്യത്തിൽ മറ്റൊരാളുടെ സഹായം ലഭിച്ചു എന്നാണ് ഇയാൾ മഹാരാഷ്ട്ര എടിഎസിൽ നൽകിയിരുന്ന മൊഴി.

അതേസമയം, അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) ഏറ്റെടുക്കാന്‍ സാധ്യതയേറി. തീവയ്പിനു പിന്നില്‍ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്ന് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരളത്തിന് പുറത്തും അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്‍ഐഎ അന്വേഷണം വേണോയെന്ന് ആഭ്യന്തരമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും.

പ്രതി ഷാരൂഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ ആശയവിനിമയങ്ങള്‍, സമൂഹമാധ്യമ അക്കൗണ്ടുകളിലെ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വഴി ലഭിച്ച വിവരങ്ങള്‍ എന്നിവ സംശയം ജനിപ്പിക്കുന്നവയാണെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന പൊലീസ് അന്വേഷണ വിശദാംശങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്.കൂടാതെ മഹാരാഷ്ട്ര എടിസുമായും ദില്ലി പൊലീസുമായും എന്‍ഐഎ സംഘം ആശയവിനിമയം നടത്തി.

എന്‍ഐഎയുടെ കൊച്ചി, ചെന്നൈ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചത്. പ്രതി എന്തുകൊണ്ട് കേരളം തന്നെ തിരഞ്ഞെടുത്തു?, ആക്രമണത്തിന് പരിശീലനം ലഭിച്ചിട്ടുണ്ടോ? എന്നിവയിൽ വിശദമായ അന്വേഷണം നടത്തണം. പെട്ടെന്ന് ഒരു തോന്നലില്‍ ചെയ്ത കുറ്റകൃതമാണെന്ന പ്രതിയുടെ വാദം വിശ്വാസയോഗ്യമല്ല. കേരളത്തിലേയ്ക്ക് എത്തിയതും കുറ്റകൃത്യം നടത്തിയതും രക്ഷപ്പെട്ടതും മുന്നൊരുക്കത്തോടെയാണ്. പെട്രോള്‍ വാങ്ങാന്‍ ഷൊര്‍ണൂര്‍ തിരഞ്ഞെടുത്ത് പോലും ബോധപൂര്‍വമാകാം. കൃത്യത്തിൽ കൂടുതല്‍പേരുടെ സഹായം പ്രതിക്ക് ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്.

Related Articles

Latest Articles