Monday, December 15, 2025

പാലോട് രവിയുടെ ” എടുക്കാ ചരക്ക്” ഫോൺസംഭാഷണം ​! എഐസിസി നേതൃത്വത്തെ അറിയിച്ചെന്ന് കെപിസിസി അദ്ധ്യക്ഷൻ ; വിശദീകരണം തേടി

തിരുവനന്തപുരം: പാലോട് രവിയുടെ ഫോൺസംഭാഷണം എഐസിസി നേതൃത്വത്തെ അറിയിച്ചെന്നും കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. രവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഉചിതമായ നടപടി തന്നെ വിഷയത്തിൽ സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പാലോട് രവി ഫോൺ സംഭാഷണം നിഷേധിച്ചിട്ടില്ല എന്നാണ് വിവരം.

കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോണ്‍സംഭാഷണം ഇന്നാണ് ചോർന്നത്. നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നും ബിജെപി 60 മണ്ഡലങ്ങളിലലും കടന്നുകയറ്റം നടത്തുമെന്നും പറയുന്ന പാലോട് രവി കോൺഗ്രസ് എടുക്കാ ചരക്കാകുമെന്നും പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

‘വാര്‍ഡിലെ സകല വീടുകളുമായും ബന്ധം ഉണ്ടാകണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരു നോട്ടീസും അടിച്ച് വീട്ടില്‍ ചെന്നാല്‍ ഒരുത്തനും വോട്ട് ചെയ്യില്ല. ഇപ്പോഴേ ഒരോ വീട്ടിലും ചെന്ന് പരാതികള്‍ കേട്ട് പരിഹാരവും ചങ്ങാത്തവും ഉണ്ടാക്കണം.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്ത് പോകും. നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്ത് ചെയ്യാന്‍ പോകുന്നുവെന്ന്. നിയമസഭയിലും അവര്‍ വോട്ട് പിടിക്കും. കോണ്‍ഗ്രസ് മൂന്നാമതാകും. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി മൂന്നാമതും ഭരണത്തിലേറും. അതോടുകൂടി ഈ പാര്‍ട്ടിയുടെ അധോഗതിയാകും. മുസ്ലിം വിഭാഗത്തിലുള്ളവര്‍ സിപിഎമ്മിലേക്കും മറ്റു പാര്‍ട്ടികളിലേക്കും ചേക്കേറും. മറ്റുചിലര്‍ ബിജെപിയിലേക്ക് പോകും. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിയുമ്പോള്‍ കോണ്‍ഗ്രസ് എടുക്കാ ചരക്കാകും. നാട്ടില്‍ ഇറങ്ങി നടന്ന്‌ ജനങ്ങളുമായി സംസാരിക്കാന്‍ പത്ത് ശതമാനം സ്ഥലങ്ങളിലേ ആളുള്ളൂ. ഇത് മനസ്സിലാക്കാതെയാണ് നമ്മളൊക്കെ വീരവാദം പറഞ്ഞുനടക്കുന്നത്. ഈ പാര്‍ട്ടിയെ ഓരോ ഗ്രൂപ്പും താത്പര്യങ്ങളും പറഞ്ഞ് തകര്‍ക്കുന്നതിന്റെ ഉത്തരവാദിത്തം ഉണ്ടാകണം. ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹമോ ബന്ധമോ ഇല്ല. എങ്ങനെ കാലുവരാമെന്നാണ് നോക്കുന്നത്. ഒരുത്തനും ഒരുത്തനെ അംഗീകരിക്കാന്‍ തയ്യാറല്ല’ പാലോട് രവി സംഭാഷണത്തിൽ പറയുന്നു.

സംഭാഷണം പുറത്തുവന്നതോടെ പാലോട് രവി രംഗത്തെത്തി. കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നൽകിയതെന്ന് പാലോട് രവിയുടെ പ്രതികരണം.

പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുകയാണ് ലക്ഷ്യം. എങ്കിൽ മാത്രമേ ഒറ്റക്കെട്ടായി സിപിഎം ഭരണത്തെ താഴെ ഇറക്കാൻ കോൺഗ്രസിനെ കൊണ്ട് സാധിക്കുകയുള്ളു. താൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ഇത്തരം മെസേജുകൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകുന്നതാണെന്നും പാലോട് രവി പറഞ്ഞു.

Related Articles

Latest Articles