തിരുവനന്തപുരം: നഗരത്തിൽ ഗതാഗതക്കുരുക്ക് കൊണ്ട് ജനം വളരെയേറെ ബുദ്ധിമുട്ട് നേരിടുന്ന സ്ഥലമാണ് ഈഞ്ചക്കൽ ജംഗ്‌ഷൻ. NH 66 ലെ തിരക്ക് ലഘൂകരിക്കാൻ മേൽപ്പാലം അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ കാലതാമസം വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രശ്നത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ നേരിൽക്കണ്ട് അദ്ദേഹം പ്രശ്നം ഉന്നയിച്ചു. പദ്ധതി കാലതാമസം ഒഴിവാക്കി എത്രയും വേഗം പൂർത്തീകരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് അദ്ദേഹം മന്ത്രിക്കുമുന്നിൽ വച്ചത്. ഈഞ്ചക്കൽ ജംഗ്ഷനിൽ മേൽപ്പാലമോ അടിപ്പാതയോ ഇല്ലാത്തത് ദിവസേനയുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറേക്കോട്ട, അട്ടക്കുളങ്ങര റൂട്ടുകളിൽ. ആക്കുളത്ത് ലുലു മാൾ സ്ഥാപിച്ചതിനെ തുടർന്ന് നഗരത്തിൽ നിന്ന് ബൈപ്പാസിലേക്കുള്ള തിരക്ക് വർധിച്ചു. തൽഫലമായി, വാഹനമോടിക്കുന്നവർ ഈഞ്ചക്കൽ സിഗ്നലിൽ ഗതാഗതകുരുക്കിൽ കാത്തുകിടക്കേണ്ടി വരുന്ന സാഹചര്യമുണ്ട്.
ആവശ്യങ്ങൾ വളരെ അനുഭാവപൂർവ്വം ഗഡ്‌കരി കാര്യങ്ങൾ ശ്രവിക്കുകയും ഉടൻ തന്നെ NHAI പ്രാദേശിക ഓഫീസിന്റെ ഭാഗത്തുനിന്നു എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. കേരളത്തിലെ NHAI പ്രാദേശിക ഓഫീസിൽ ചാർജുള്ള ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ച മന്ത്രി, എത്രയും പെട്ടന്ന് മേൽപാലം നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചു പദ്ധതി പൂർത്തീകരിച്ചു തനിക്ക് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തതായി കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വരും ദിവസങ്ങളിൽ ദ്രുതഗതിയിൽ തന്നെ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും നരേന്ദ്ര മോദി സർക്കാർ തിരുവനന്തപുരത്ത് നടപ്പാക്കിയിട്ടുള്ള നിരവധി പദ്ധതികളോടൊപ്പം ഈഞ്ചക്കൽ മേൽപ്പാലവും താമസിയാതെ തന്നെ തലസ്ഥാനത്തിന്റെ തിലക കുറിയായി തലയുയർത്തി നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

