Saturday, December 20, 2025

കെഎസ്ആർടിസിയിൽ ചെലവു ചുരുക്കൽ ഭാഗമായി പുതിയ നടപടി; പകുതി ശമ്പളത്തിൽ ജീവനക്കാർക്ക് 5 വർഷം അവധി

തിരുവനന്തപുരം: പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ അവധി സമ്പ്രദായം പരിഷ്ക്കരിച്ച് കെഎസ്ആർടിസി.

45 വയസിനു മുകളിൽ പ്രായമുള്ള കണ്ടക്ടർ, മെക്കാനിക് വിഭാഗം ജീവനക്കാർക്ക് നിലവിലുള്ള ശമ്പളത്തിന്റെ 50% നൽകി ഒരു വർഷം മുതൽ 5 വർഷം വരെ അവധി അനുവദിക്കും. ഫെബ്രുവരി 28ന് മുൻപ് ഇതിനുള്ള അപേക്ഷ നൽകണം.

എന്നാൽ പകുതി ശമ്പളത്തിൽനിന്ന് പ്രതിമാസം കുറവ് ചെയ്യുന്ന തുക കഴിച്ച് ബാക്കി തുക ജീവനക്കാരന് അനുവദിക്കും. അവധി കാലയളവ് വാർഷിക ഇൻക്രിമെന്റ്, പെൻഷൻ എന്നിവ കണക്കാക്കാൻ മാത്രം പരിഗണിക്കും.

കൂടാതെ ഗ്രേഡ് പ്രമോഷൻ ഉൾപ്പെടെയുള്ള പ്രമോഷനുകൾക്ക് ഈ കാലയളവ് പരിഗണിക്കില്ല. അപേക്ഷിക്കുന്നവർ കോർപറേഷന്റെ സജീവ സേവനത്തിൽ ഉള്ളവരും പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയവരും ആയിരിക്കണം.

അതേസമയം കോർപറേഷന്റെ അനുമതിയോടു കൂടി ദീർഘകാല അവധിയിൽ പ്രവേശിച്ചവർ കാലാവധി പൂർത്തിയാക്കി തിരികെ പ്രവേശിച്ചശേഷമേ ഈ അവധിക്ക് അർഹതയുണ്ടാകൂ. മാത്രമല്ല നിർബന്ധിത വിരമിക്കലിന് അപേക്ഷ നൽകിയിട്ടുള്ളവരെ ഇതിനു പരിഗണിക്കില്ല. സസ്പെൻഷനിൽ കഴിയുന്നവരെയും പരിഗണിക്കില്ല. മെഡിക്കൽ അവധിയിൽ തുടരുന്ന ജീവനക്കാർക്ക് കോർപറേഷന്റെ തീരുമാനപ്രകാരം അവധി അനുവദിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

Related Articles

Latest Articles