Saturday, December 20, 2025

ആലുവയില്‍ കെ.എസ്.യു – എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി; പൊലീസ് ലാത്തി വീശി

എറണാകുളം: എറണാകുളം ആലുവയില്‍ കെ.എസ്.യു – എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. സംഘര്‍ഷം കനത്തപ്പോള്‍ പോലീസ് ലാത്തി വീശി. ആലുവ ഭാരത് മാത സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് മുന്‍പിലാണ് സംഘർഷം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊടിമരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ചൂണ്ടി – പുക്കാട്ടുപടി റോഡില്‍ സംഘടനാ ചിഹ്നങ്ങള്‍ വരയ്ക്കുകയായിരുന്ന ഇരുസംഘടനയിലെ പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഒരു മണിക്കൂറോളം നീണ്ടു നിന്നു. സംഭവമറിഞ്ഞ് ഡി.വൈ.എഫ്.ഐ – സി.പി.എം. നേതാക്കളും കെ.എസ്.യു. – കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി.

ഇതോടെ പോരിന് മൂര്‍ച്ച കൂടി. ലാത്തിച്ചാർജിനെ തുടർന്ന് പിരിഞ്ഞ് പോയ വിദ്യാര്‍ത്ഥി സംഘം ചൂണ്ടി കവലയില്‍ വീണ്ടും ഏറ്റുമുട്ടി. ആലുവ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസവുമുണ്ടായി.

Related Articles

Latest Articles