Saturday, December 20, 2025

സഹകരണ ബാങ്കിൽ 1020 കോടിയുടെ വായ്പാ തട്ടിപ്പും അഴിമതിപ്പണം വെളുപ്പിക്കലും; സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയെന്ന് കെ.ടി ജലീൽ

മലപ്പുറം: എ ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ച്‌ കൂടുതല്‍ ആരോപണങ്ങളുമായി കെ‌.ടി ജലീല്‍ എം‌എല്‍‌എ രംഗത്ത്. 1021 കോടി രൂപയുടെ ക്രമക്കേടും കള‌ളപ്പണ ഇടപാടുകളാണ് ബാങ്കില്‍ നടന്നതെന്ന് ജലീൽ പറഞ്ഞു.

മാത്രമല്ല ഈ തട്ടിപ്പിന്റെ സൂത്രധാരന്‍ പി.കെ കുഞ്ഞാലിക്കുട്ടിയും ബാങ്കിലെ സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ അനുയായിയുമായ ഹരികുമാറുമാണെന്ന് കെ.ടി ജലീൽ ഉയർത്തിയ ആരോപണം.

257 കസ്‌റ്റമര്‍ ഐഡിയില്‍ 862 വ്യാജ അക്കൗണ്ടുകള്‍ ബാങ്കില്‍ ഉണ്ടാക്കി അഴിമതി പണം വെളുപ്പിച്ചെന്നും ഇത് ടൈറ്റാനിയം അഴിമതിയില്‍ ലഭിച്ച പണമാകുമെന്നും സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ജലീല്‍ അഭിപ്രായപ്പെട്ടു.

കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് വിദേശനാണയ ചട്ടം ലംഘിച്ച്‌ മൂന്ന് കോടി രൂപ നിക്ഷേപിച്ചതായും ജലീല്‍ ആരോപിച്ചു. മുസ്ളീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപവും വായ്‌പയുമുണ്ടെന്നും 50,000ത്തോളം ഇടപാടുകാരെ ഇവര്‍ വഞ്ചിച്ചെന്നും അബ്‌ദുള്‍ റഹ്‌മാന്‍ രണ്ടത്താണിക്ക് ഇങ്ങനെ അനധികൃതമായി 50 ലക്ഷം രൂപ വായ്‌പ നല്‍കിയിട്ടുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.

ലീഗിനെതിരായ പോരാട്ടം കടുപ്പിച്ച ജലീല്‍ മുന്‍പ് ചന്ദ്രിക ദിനപത്രത്തിലെ 10 കോടിയുടെ കള‌ളപ്പണ ഇടപാടില്‍ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്മെന്റിന് മുന്നില്‍ ഹാജരായിരുന്നു. വ്യാഴാഴ്‌ചയും കൊച്ചിയില്‍ ഇ‌ഡിയ്‌ക്ക് മുന്നില്‍ ജലീല്‍ എത്തുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Related Articles

Latest Articles