തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് നായരും താനുമായി യാതൊരു ബന്ധവുമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇപി ജയരാജന്റെ ആരോപണങ്ങൾക്കെതിരെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
വസ്തുതാപരമല്ലാത്ത പച്ചക്കള്ളം വിളിച്ചുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷപ്പെടുത്താനാണ് ഇ പി ജയരാജന്‍ ശ്രമിക്കുന്നത്. സന്ദീപ് നായരുടെ ഫെയ്‌സ്ബുക്കില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ചിത്രത്തെക്കുറിച്ച് എന്താണ് ഇ പി ജയരാജന്‍ പ്രതികരിക്കാത്തത്. ആര് തന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ വന്നാലും താൻ എതിർക്കാറില്ല. അതുകൊണ്ടു താനുമായി ബന്ധമുണ്ടെന്ന് പറയുന്നതിൽ എന്താണ് അർഥം?
പൊതുപ്രവർത്തകർ ആകുമ്പോൾ പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കേണ്ടി വരും. മുഖ്യ പ്രതിയായ സ്വപ്നയുടെ കൂടെ ദൃശ്യങ്ങളിൽ വരാത്ത മന്ത്രിമാർ ചുരുക്കമല്ലേ എന്നും കുമ്മനം പറഞ്ഞു. ബിജെപിയുമായി യാതൊരു ബന്ധവുമുള്ളയാളല്ല സന്ദീപ് നായര്‍. മറിച്ച് അയാള്‍ക്ക് സിപിഎം നേതാക്കളുമായാണ് ബന്ധമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

