കർണൂൾ: ആന്ധ്രാപ്രദേശിലെ കർണൂൾ ജില്ലയിൽ 19 യാത്രക്കാരുടെ മരണത്തിന് കാരണമായ ബെംഗളൂരു ബസ് അപകടത്തിൽ പുതിയ വഴിത്തിരിവ്. അപകടസമയത്ത് ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നെന്ന് ഫോറൻസിക് പരിശോധനയിൽ പോലീസ് സ്ഥിരീകരിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസിലേക്ക് കുർണൂൽ ജില്ലയിലെ ചിന്ന ടെക്കൂർ ഗ്രാമത്തിൽ വെച്ച് ഒരു ബൈക്കിന് മുകളിലൂടെ കയറിയാണ് ദുരന്തം സംഭവിച്ചത്. ബസിൽ 44 യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ പലരും രക്ഷപ്പെട്ടെങ്കിലും 19 പേർ അഗ്നിക്കിരയായി മരിച്ചു.
അപകടത്തിൽപ്പെട്ട ബൈക്കിലെ യാത്രക്കാരായിരുന്ന ശിവശങ്കറും എറി സ്വാമിയും മദ്യലഹരിയിലായിരുന്നെന്ന് ഫോറൻസിക് സ്ഥിരീകരണം ലഭിച്ചതായി കുർണൂൽ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കോയ പ്രവീൺ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഒക്ടോബർ 24-ന് പുലർച്ചെ 2 മണിയോടെയാണ് ശങ്കറും സ്വാമിയും ലക്ഷ്മിപുരം ഗ്രാമത്തിൽ നിന്ന് യാത്ര തിരിച്ചത്. സ്വാമിയെ തുഗ്ഗലി ഗ്രാമത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. യാത്രക്കിടയിൽ 2.24-ന് കിയ കാർ ഷോറൂമിന് സമീപമുള്ള എച്ച്.പി. പെട്രോൾ പമ്പിൽ കയറി ഇവർ ഇന്ധനം നിറച്ചു. ഈ സമയത്തെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോയിൽ ശങ്കർ അശ്രദ്ധമായി ബൈക്ക് ഓടിക്കുന്നത് കാണാം.
ഇന്ധനം നിറച്ച് യാത്ര തുടർന്നതിന് തൊട്ടുപിന്നാലെ ബൈക്ക് റോഡിൽ തെന്നിമാറി. തുടർന്ന് ശങ്കർ വലതുവശത്തേക്ക് വീഴുകയും ഡിവൈഡറിൽ ഇടിക്കുകയും ചെയ്തു. മഴയെ തുടർന്ന് റോഡ് ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു. തെന്നിവീണ ബൈക്ക് റോഡിന്റെ മധ്യഭാഗത്തായിരുന്നു. ശങ്കറിനെ വലിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അതുവഴി വന്ന ബസ് ബൈക്കിന് മുകളിലൂടെ ഓടിക്കയറിയതെന്ന് കുർണൂൽ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീൽ പറഞ്ഞു. ബസ് വലിച്ചിഴച്ച ഇരുചക്രവാഹനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാണ് വൻ തീപിടിത്തത്തിന് കാരണമായത്. ബസ് കത്തിയെരിയുന്നത് കണ്ട് ഭയന്ന സ്വാമി തന്റെ സ്വന്തം ഗ്രാമമായ തുഗ്ഗലിയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട്, പോലീസ് സ്വാമിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അപകടത്തിന്റെ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.

