ദില്ലി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണ്. ഇതിൽ 23 പേർ മലയാളികളാണ്. അപകടത്തിൽ മൂന്ന് ഫിലിപ്പൈൻസ് പൗരന്മാരും മരിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ദില്ലി എയർബേസിൽ തയ്യാറാക്കി നിർത്തിയിരിക്കുന്നത്. നിര്‍ദേശം ലഭിച്ചാല്‍ ഉടൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങൾ ഭൂരിഭാഗവും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം കുവൈറ്റിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവരെ കണ്ടു, കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ യഹ്യയുമായി കൂടികാഴ്ച നടത്തി. മൃതദേഹങ്ങൾ വീണ്ടും നാട്ടിലെത്തിക്കാനും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും എല്ലാ സഹായങ്ങളും കുവൈറ്റ് ഉറപ്പു നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു. പിന്തുണയ്ക്ക് മന്ത്രി കുവൈറ്റിനെ നന്ദി അറിയിച്ചു.മൃതദേഹങ്ങളിൽ ചിലത് കത്തിക്കരിഞ്ഞ നിലയിലാണ്, ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഈ മൃതദേഹങ്ങൾ വിട്ടു നൽകു എന്നതിനാൽ കാലതാമസമുണ്ടായേക്കുമെന്ന് വിദേശ കാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കി.
അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് എന്‍ബിടിസി കമ്പനി അറിയിച്ചു. കമ്പനിയുടെ തൊഴിലാളി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകുമെന്നും മരിച്ചവരുടെ ആശ്രീതർക്ക് ജോലി, ഇൻഷുറൻസ് പരിരക്ഷ, മറ്റ് ആനൂകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യയും കുവൈറ്റുമായി ചേർന്ന് ശ്രമങ്ങൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു.

