കുവൈത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ കൂടുതൽ പേരും മരിച്ചത് പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തുചാടിയതാണെന്ന വെളിപ്പെടുത്തലുമായി ദൃസാക്ഷികൾ.
അഗ്നിശമന സേനയുടെ ദ്രുതഗതിയിലുള്ള ഇടപെടലിനെത്തുടര്‍ന്നാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്. ഒന്നിലധികം ഫയര്‍ സ്റ്റേഷനുകള്‍ കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ ഉടന്‍തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. നിലത്തേക്ക് ചാടാന്‍ ശ്രമിക്കുന്നതിനു പകരം കെട്ടിടത്തിന്റെ ഏറ്റവും മുകള്‍നിലയിലേക്ക് പോകാനാണ് അഗ്നിശമന സേന ആദ്യം നിര്‍ദേശിച്ചത്. നിരവധിപേര്‍ ശ്വാസംമുട്ടി മരിക്കുന്നതടക്കം ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ സഹായകമായെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ജീവനക്കാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്. ഈ സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ പുകശ്വസിച്ച് ശ്വാസംമുട്ടിയാണ് നിരവധിപേര്‍ മരിച്ചതെന്ന് ജനറല്‍ ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ അറബ് ടൈംസിനോട് പറഞ്ഞു.കമ്പനി ഉടമയേയും സുരക്ഷാ ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെട്ടിടത്തിന്റെ ഏറ്റവും അടിഭാഗത്തുള്ള വഴികള്‍ പലതും അടച്ചിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പലര്‍ക്കും രക്ഷപ്പെടാന്‍ ഇതുമൂലം സാധിച്ചില്ല. പരിക്കേറ്റവര പുറത്തെത്തിക്കുന്നതിനടക്കം തടസം നേരിട്ടു. കോണിപ്പടിയിലടക്കം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം.
അപകടത്തിൽ മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. അപകടത്തിൽ മരിച്ചവരിൽ പകുതിയോളം പേരും മലയാളികളാണെന്നും റിപ്പോർട്ടുണ്ട്. മരിച്ച 16 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഒപ്പം മുറികളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. മരിച്ചവരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു. പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡര്‍ അറിയിച്ചു.

