കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് വിമാനത്തിൽ മൃതദേഹങ്ങളെ അനുഗമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന മന്ത്രിമാരും, കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്നാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 23 മലയാളികളുടെയും 7 തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണ്ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിൽ അധികൃതർ ഏറ്റുവാങ്ങുക. മറ്റുള്ളവരുടെ ഭൗതിക ശരീരങ്ങൾ അതേ വിമാനത്തിൽ ദില്ലിക്ക് കൊണ്ടുപോകും. കേന്ദ്രമന്ത്രി കീർത്തി വർദ്ധൻ സിംഗും പ്രത്യേക വിമാനത്തിൽ ദില്ലിക്ക് പോകും.
വിമാനത്താവളത്തിൽ അൽപ്പനേരം പൊതുദർശനത്തിന് വച്ചതിന് ശേഷമാണ്. മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് അയച്ചത്. പ്രത്യേകം പ്രത്യേകം ആംബുലന്സുകളിൽ ഓരോ വാഹനങ്ങൾക്കും ഓരോ പോലീസ് എസ്കോർട്ട് വാഹങ്ങളോടൊപ്പമാണ് മൃതദേഹങ്ങൾ യാത്രയാക്കിയത്. തമിഴ്‌നാട്, കർണ്ണാടക സ്വദേശികളുടെ മൃതദേഹങ്ങൾ വഹിക്കുന്ന ആംബുലൻസുകൾക്ക് സംസ്ഥാന അതിർത്തി വരെ പോലീസ് എസ്കോർട്ട് വാഹനങ്ങൾ ഉണ്ടായിരിക്കും. എത്രയും വേഗം മൃതദേഹങ്ങൾ വീട്ടിലെത്തിക്കാൻ ആംബുലൻസുകൾ കടന്നുപോകുന്ന വഴികളിൽ ട്രാഫിക് സിഗ്നലുകൾ ഓഫ് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് പ്രമുഖരും അന്തിമോപചാരമർപ്പിച്ചു.
ദുരന്തവാർത്ത എത്തിയയുടൻ പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ച് കർമ്മപദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ വിദേശകാര്യ സഹമന്ത്രി കുവൈറ്റിലെത്തിയത്. തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിലായി. ഇന്ന് രാവിലെ പത്തരയോടെ 45 പേരുടെ മൃതദേഹങ്ങൾ ഒരുമിച്ച് നാട്ടിലെത്തിക്കാനായി. ഇന്നലെ സംസ്ഥാന മന്ത്രി കുവൈറ്റിലേക്ക് പോകാൻ ക്യാബിനറ്റ് തീരുമാനമുണ്ടായിരുന്നു. മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിമാനം അപ്പോഴേക്കും കുവൈറ്റിൽ നിന്ന് യാത്രയ്ക്ക് തയ്യാറെടുത്തിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിക്ക് കേന്ദ്രസർക്കാർ യാത്രാനുമതി നൽകിയിരുന്നില്ല. മലയാളിയായ കെ ജി എബ്രഹാം മാനേജിങ് ഡയറക്ടറായ എൻ ബി ടി സി ഗ്രൂപ്പിന്റെ ജീവനക്കാർ തങ്ങിയിരുന്ന ക്യാമ്പിലാണ് വൻ അഗ്നിബാധയുണ്ടായത്. അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. ചികിത്സയിലിരിക്കെ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതായി കുവൈറ്റ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

