ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം -ചെന്നൈ എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചപ്പോള്‍ പ്രകോപിനായ ഇയാള്‍ ടിടിഇ ആര്‍ദ്ര അനില്‍കുമാറിനെ തള്ളിമാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം ട്രെയിൻ വടകര പിന്നിട്ടപ്പോഴായിരുന്നു അതിക്രമം. തുടർന്ന് ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പള്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റമാണ് നിലവിൽ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 23 ന് തിരുവനന്തപുരം – ചെന്നൈ ചെന്നൈ മെയിലിൽ വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം നടന്നിരുന്നു . ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു പ്രതി കൈയ്യേറ്റത്തിന് ശ്രമിച്ചത്. ടിടിഇ യുടെ വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും പ്രതി ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി.
കഴിഞ്ഞ മാസം 2 ന് തൃശൂർ വെളപ്പായയിൽ അന്യസംസ്ഥാനക്കാരനായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നിരുന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അന്യസംസ്ഥാന തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ പ്രതി രജനീകാന്ത് പിടിയിലായിരുന്നു. എറണാകുളം -പാറ്റ്‌ന എക്സ്പ്രസ്സ് ട്രെയിനിലായിരുന്നു സംഭവം

