കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുമായി ബന്ധമുള്ള ഭീകരര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നതായി ലങ്കന്‍ സേനാമേധാവി വെളിപ്പെടുത്തിയതിന് പിന്നാലെ, ആക്രമണത്തിന്റെ ആസൂത്രണം കേരളത്തിലാണ് നടന്നതെന്ന ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ സൂചനകള്‍ പുറത്തുവന്നു. എന്നാല്‍ ഇതു സംമ്പന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ശ്രീലങ്കന്‍ സ്ഫോടനത്തിലെ കേരള ബന്ധം കണ്ടെത്താനായി മിലിട്ടറി ഇന്റലിജന്‍സ്, റോ, എന്‍ ഐ എ, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ സംയുക്ത സംഘം കൊച്ചിയില്‍ തമ്പടിക്കുകയാണ്. എന്‍ ഐ എ ഐ.ജി. അലോക് മിത്തലാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.
ഇന്നലെ ശ്രീലങ്കന്‍ സൈന്യത്തലന് ഭീകരര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായ്ക് ആണ് തീവ്രവാദികള്‍ ഇന്ത്യയില്‍ എത്തിയിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍, കേരളത്തില്‍ എത്തിയതിന്റെ ഉദേശം വ്യക്തമല്ല. പരിശീലനത്തിനാണോ ശൃംഖല വിപുലപ്പെടുത്താനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സ്ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ അത്(എന്‍ റ്റി ജെ)യുടെ നേതാവാണ് ഇയാള്‍. ഹാഷിം അംഗമായുള്ള തമിഴ്നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തമിഴ്നാട് തൗഹീദ് ജമാ അത്തില് നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാ അത്ത് രൂപീകരിക്കുകയായിരുന്നു.

