Friday, December 12, 2025

തെരഞ്ഞെടുപ്പിനു മുൻപേ എൽഡിഎഫ് പരാജയം സമ്മതിച്ചു !! കേരളത്തിൽ വളർച്ച ബിജെപിക്കാണ് എന്ന വസ്തുത തിരിച്ചറിഞ്ഞ് സിപിഎമ്മിന് വിറളി പൂണ്ടു ! എം വി ഗോവിന്ദന് ചുട്ട മറുപടിയുമായി ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം കൊതിച്ച് ഗോദയിലിറങ്ങിയ ബിജെപി ഇപ്പോൾ കിതച്ച് ബഹുദൂരം പിന്നോട്ടു നീങ്ങുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി ബിജെപി. നാല് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം നഗരസഭ പാർട്ടി സ്വത്തുപോലെ കയ്യിൽ വെച്ച് അനുഭവിക്കുകയും കയ്യിട്ട് വാരുകയും ചെയ്തത് പുറത്തുവന്നു തുടങ്ങിയെന്നും ഇനി മുന്നോട്ട് അഴിമതി നടത്താൻ സാധിക്കില്ല എന്ന ബോധ്യമാണ് സിപിഎമ്മിന്റെ ഭയത്തിന് പിന്നിലെന്നും ബിജെപി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബിജെപി 19,262 സീറ്റുകളിൽ താമര ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ടെന്നുംഎന്നാൽ സിപിഎമ്മിന്റെ സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ പതിനാലായിരം മാത്രമാണ് (14,802) എന്നോർക്കണമെന്നും കുറിപ്പിൽ പറയുന്നു.

ബിജെപി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

കേരളത്തിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏഴ് തെക്കൻ ജില്ലകളിലെ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്കെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, സ്വന്തം പരാജയം തുറന്നു സമ്മതിക്കുന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുറത്തിറക്കിയ പ്രസ്താവന. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ എതിരാളികൾ ബിജെപി മാത്രമാണെന്ന് സിപിഎം സമ്മതിക്കുന്നു. കാരണം, കോൺഗ്രസ്സും സിപിഎമ്മും രണ്ട് അല്ലല്ലോ — അവരൊന്നാണ്.

ബിജെപിയുടെ വോട്ടിംഗ് ശതമാനത്തെപ്പറ്റിയുള്ള സിപിഎമ്മിന്റെ ആശങ്ക ഭയത്തിൽ നിന്ന് ഉണ്ടായതാണ്. നാല് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം നഗരസഭ പാർട്ടി സ്വത്തുപോലെ കയ്യിൽ വെച്ച് അനുഭവിക്കുകയും കയ്യിട്ട് വാരുകയും ചെയ്തത് പുറത്തുവന്നു തുടങ്ങി. ഇനി മുന്നോട്ട് അഴിമതി നടത്താൻ സാധിക്കില്ല എന്ന ബോധ്യമാണ് ആ ഭയത്തിന് പിന്നിൽ. 1982ൽ ഞങ്ങൾ മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഘട്ടം ഘട്ടമായി ബിജെപി വളർന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20% ത്തോളം വോട്ട് നേടാൻ എൻഡിഎയ്ക്ക് കഴിഞ്ഞത് ജനമനസ്സുകളിൽ ഞങ്ങളുടെ വികസന രാഷ്ട്രീയം സ്ഥാനം പിടിച്ചതുകൊണ്ടാണ്.

ആ വളർച്ചയെ തടയാൻ നിങ്ങൾ പല രീതിയിൽ കൂട്ടുകെട്ട് ഉണ്ടാക്കി, അതെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. തിരുവനന്തപുരത്തെയും തൃശ്ശൂരിലെയും മാത്രമല്ല, എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തിൽ വീർപ്പുമുട്ടുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇത്തവണ എൻഡിഎയ്ക്ക് ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല.

ശബരിമലയും വികസനവും ബിജെപിക്ക് കേവലം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം മാത്രമല്ല. തെരഞ്ഞെടുപ്പ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഈ രണ്ടു കാര്യങ്ങളിലും ഭാരതീയ ജനതാ പാർട്ടിയുടെ നിലപാട് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. 2018ൽ ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചത് കേരളത്തിലെ ജനങ്ങളുടെ വൈകാരിക വിഷയം ആണെന്ന് ഏഴ് വർഷങ്ങൾക്കുശേഷമെങ്കിലും സിപിഎമ്മിന് തിരിച്ചറിയാൻ കഴിഞ്ഞത് നല്ല കാര്യമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് ലഭിച്ച തിരിച്ചടി കൊണ്ടാണ് പ്രത്യക്ഷത്തിൽ ശബരിമലയോടും അയ്യപ്പ വിശ്വാസികളോടുമുള്ള നിങ്ങളുടെ വിരോധം തൽക്കാലത്തേക്കെങ്കിലും മറച്ചു പിടിച്ച് അയ്യപ്പഭക്ത സംഗമമെന്ന പി.ആർ. പരിപാടികളുമായി ജനങ്ങളെ പറ്റിക്കാൻ നിങ്ങൾ ശ്രമിച്ചതെന്ന് ഞങ്ങൾക്കറിയാം.

ആചാരങ്ങൾ തകർക്കാൻ കഴിയാതെ വന്നപ്പോൾ ക്ഷേത്രം കൊള്ളയടിച്ച് ഇല്ലാതാക്കാനാണ് നിങ്ങൾ ശ്രമിച്ചത്. പ്രളയത്തിന്റെയും കോവിഡിന്റെയും നിയന്ത്രണങ്ങളുടേയും മറവിൽ ശബരിമല മുഴുവൻ നിങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചു. ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാൻ ആദ്യം ശ്രമിച്ചത് സിപിഎം തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പമ്പയിൽ അയ്യപ്പ സംഗമം നടത്തി ഭക്തരുടെ കണ്ണിൽ പൊടിയിട്ട് വോട്ട് തേടാനുള്ള ശ്രമം പരാജയപ്പെടുക മാത്രമല്ല, സഖാക്കൾ ശബരിമലയിൽ നടത്തിയ സ്വർണ്ണമോഷണം പുറത്തുവന്നതും പൊതുസമൂഹത്തിന് മുന്നിൽ നിങ്ങളെ തുറന്നു കാട്ടുന്നതാണ്. സന്നിധാനം മുതൽ സഹകരണ ബാങ്ക് വരെയും, കട്ടിളപ്പാളി മുതൽ കിച്ചൻ ബിൻ വരെയും നടത്തിയ അഴിമതികൾ ജനങ്ങൾ ചർച്ച ചെയ്യുകയാണ്.

ബിജെപി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യാതൊരു വിധ ആശങ്കയും വേണ്ട. കേരളത്തിൽ സ്വന്തം ചിഹ്നത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് ബിജെപിക്കാണ്.സ്വന്തം പാർട്ടി ഭാരവാഹികൾ പോലും അരിവാൾ–ചുറ്റിക–നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യമാണ് കേരളത്തിൽ ഉള്ളത്.3000ത്തിലധികം സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് ഇടത് സ്വതന്ത്രരായിട്ടാണ്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ ജനങ്ങൾ തോൽപ്പിക്കുന്നുവെന്ന ഉത്തമ ബോധ്യം അവർക്കുണ്ട്.

ബിജെപി 19,262 സീറ്റുകളിൽ താമര ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഞങ്ങൾക്കതിൽ വലിയ അഭിമാനമുണ്ട്. സിപിഎമ്മിന്റെ സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ പതിനാലായിരം മാത്രമാണ് (14,802) എന്നോർക്കണം. 21,065 സ്ഥാനാർത്ഥികൾ എൻഡിഎയ്ക്ക് വേണ്ടി ഈ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കേരളത്തിൽ വളർച്ച ബിജെപിക്കാണ് എന്ന വസ്തുത തിരിച്ചറിഞ്ഞ് വിറളി പൂണ്ട സിപിഎം പരാജയം മുന്നിൽകണ്ട് നുണപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. കേരളത്തിൽ ബിജെപി വളരുന്നു എന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ രേഖകൾ എങ്കിലും മന്ത്രി ശിവൻകുട്ടി അടക്കമുള്ള സഖാക്കൾ ഇടയ്ക്ക് തുറന്നു നോക്കണം. അപ്പോൾ യാഥാർത്ഥ്യബോധം ലഭിക്കും.

കേരളത്തിന്റെ അതിർത്തി വിട്ടാൽ ഒരു കുടക്കീഴിൽ അണിചേരുന്ന കോൺഗ്രസും സിപിഎമ്മും കേരളത്തിൽ കലാകാലങ്ങളായി ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ സിപിഎമ്മും കോൺഗ്രസും നടത്തുന്ന ഒത്തുകളിയുടെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. പരസ്യമായി കോൺഗ്രസും സിപിഎമ്മും ഒരുമിച്ചാലും തിരുവനന്തപുരത്തേയും കേരളത്തിലെയും ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനൊപ്പം ചേർന്ന് അപ്രസക്തമാവുന്നത് സിപിഎമ്മാണ്. ഏറ്റവും ഒടുവിൽ നടന്ന ബീഹാർ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ജനങ്ങൾ നിങ്ങളെ എഴുതി തള്ളിയതാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണം. അവസാന കച്ചിത്തുരുമ്പായ കേരളവും നിങ്ങളുടെ പൊള്ളത്തരങ്ങളും കഴിവില്ലായ്മയും തിരിച്ചറിഞ്ഞുകഴിഞ്ഞു. ബംഗാളിന്റെയും ത്രിപുരയുടെയും വഴിയിലാണ് കേരളവും.
2036ലെ ഒളിമ്പിക്സ് ഇന്ത്യയിൽ എത്തും എന്നതും അതിൽ ഒരു വേദി തിരുവനന്തപുരം ആകും എന്നതും പറയാൻ ബിജെപിക്കുള്ള ധൈര്യം ഞങ്ങളുടെ നേതൃത്വത്തിന്റെ ഇച്ഛാശക്തി തെളിയിക്കുന്നതാണ്. കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും മാറിമാറി ഭരിച്ച ഈ നാട്ടിൽ നടക്കില്ലെന്ന് കരുതിയ നൂറുകണക്കിന് വികസന പദ്ധതികൾ ഇന്ന് നിഷ്പ്രയാസം നടപ്പാക്കുന്നുണ്ട്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ആലപ്പുഴ–കൊല്ലം ബൈപ്പാസുകളും ഗെയിൽ പദ്ധതിയും ദേശീയപാതയും ഉൾപ്പെടെ ഉദാഹരണങ്ങൾ ഏറെയാണ്. 2014 മുൻപുള്ള ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. അതുകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം പറയുന്ന രാഷ്ട്രീയമാണ് ബിജെപിയുടേത് — അല്ലെങ്കിൽ പറയുന്നതെല്ലാം ചെയ്യുന്ന രാഷ്ട്രീയവും.
പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അവസ്ഥയിലേക്ക് കേരളവും എത്താൻ അധികം കാത്തിരിക്കേണ്ടതില്ല എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുന്ന വികസന രാഷ്ട്രീയം കേരളം ഏറ്റെടുത്തുകഴിഞ്ഞു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രീ രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ പോലും സിപിഎം തയ്യാറാകുന്നത്. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും പിഡിപിയെയും കൂട്ടിച്ചേർത്ത് നിങ്ങൾ ഉണ്ടാക്കുന്ന സമവാക്യങ്ങൾ ഇനി കേരളത്തിൽ വിലപോകില്ല. കൊച്ചിയിലെ സെൻ ട്രീസാസ് സ്കൂളിൽ മതമൗലികവാദികൾ നടത്തിയ ഇടപെടലിൽ നിങ്ങൾ സ്വീകരിച്ച നയവും പി.എം. ശ്രീ പോലെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട നല്ല പദ്ധതിയിൽ നിന്നുപോലും മതമൗലികവാദികളെ ഭയന്ന് നിങ്ങൾ പിന്മാറിയതും, മുനമ്പം ജനതയോട് നിങ്ങൾ കാണിച്ച ചതിയും എല്ലാവർക്കും ബോധ്യമുള്ളതാണ്. ഈ തദ്ദേശ തെരഞ്ഞെടുപ്പ് കേരളത്തിലെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പഴകി ദ്രവിച്ച അപകട രാഷ്ട്രീയത്തിന്റെ അന്ത്യം കുറിക്കുന്നതായി മാറും.
വികസിത കേരളം സൃഷ്ടിക്കാനുള്ള മാറ്റത്തിന് നാളെ തുടക്കം കുറിക്കുകയാണ്.
മാറാത്തത് ഇനി മാറും!!

Related Articles

Latest Articles