Thursday, December 18, 2025

എലിപ്പനി രോഗനിര്‍ണയത്തിന് ലെപ്‌റ്റോ ആര്‍ടിപിസിആര്‍ 6 ലാബുകളില്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 6 ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഈ സംവിധാനം ലഭ്യമാണ്. പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബുകളില്‍ ഒരാഴ്ചയ്ക്കകം ഈ സംവിധാനം സജ്ജമാക്കുന്നതാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്തുതന്നെ ഈ സംവിധാനം സജ്ജമാക്കും. എലിപ്പനി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വളരെ വേഗം രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും പബ്ലിക് ഹെല്‍ത്ത് ലാബുകളിലും എലിപ്പനി രോഗനിര്‍ണയത്തിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്. ഒരാളുടെ ശരീരത്തില്‍ വൈറസ് കടന്ന ശേഷം ഏഴ് ദിവസം കഴിഞ്ഞാല്‍ മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താന്‍ സാധിക്കൂ. അതേസമയം ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ വൈറസ് ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കില്‍ കണ്ടെത്താനാകും.

Related Articles

Latest Articles