തിരുവനന്തപുരം: ഇന്ത്യ ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് ( ഐഐഎസ്എഫ് 2025) മുന്നോടിയായി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ (RGCB) കർട്ടൻ റെയ്‌സർ പരിപാടി സംഘടിപ്പിച്ചു. ജൈവസാങ്കേതികവിദ്യയിലും രോഗ ജീവശാസ്ത്രത്തിലും ഗവേഷണം, നവീകരണം, പരിഭാഷ എന്നിവയ്ക്കായുള്ള കേന്ദ്ര സർക്കാർ സ്ഥാപനമാണ് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി
ഡിസംബർ 6 മുതൽ 9 വരെ ചണ്ഡീഗഡിൽ നടക്കുന്ന ഐഐഎസ്എഫ് 2025 നെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ബ്രിക്-ആർജിസിബിയിലെ അത്യാധുനിക ഗവേഷണ, സേവന പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ‘വിജ്ഞാൻ സേ സമൃദ്ധി: ഫോർ ആത്മനിർഭർ ഭാരത്’ എന്ന ദേശീയ പ്രമേയത്തിലാണ് പരിപാടി നടന്നത്. ശാസ്ത്രജ്ഞർ, ഗവേഷകർ, സംരംഭകർ, വിദ്യാർത്ഥികൾ, പൊതുജനം എന്നിവരെ ഒരുമിപ്പിച്ച് ശാസ്ത്രത്തെ ആഘോഷമാക്കുന്നതിനും അറിവ് പങ്കിടുന്നതിനും ഭാരതത്തിന്റെ ശാസ്ത്രശക്തിയെ കൂട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് ഐഐഎസ്എഫ് ലക്ഷ്യമിടുന്നത്.
ബ്രിക്-ആർജിസിബി ഡയറക്ടർ (അഡീഷണൽ ചാർജ്) ഡോ. ടി.ആർ. സന്തോഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.നിലവിലുള്ളതും ഭാവിയിൽ അഭിമുഖീകരിക്കേണ്ടതുമായ വെല്ലുവിളികളെ നേരിടാൻ ശാസ്ത്രാധിഷ്‌ഠിത നൂതന പരിഹാരങ്ങൾ അനിവാര്യമാണെന്ന് ഡോ. സന്തോഷ് കുമാർ പറഞ്ഞു. ഐഐഎസ്എഫ് പോലുള്ള പരിപാടികൾ യുവജനങ്ങളെ ശാസ്ത്രമേഖലയിലേക്ക് ആകർഷിക്കാൻ വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജ്ഞാനഭാരതി സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ ഐഐഎസ്എഫ് 2025 നെക്കുറിച്ചുള്ള അവലോകനം നടത്തി. കേന്ദ്ര സർക്കാർ ആരംഭിച്ച ‘ഡിസൈൻ ഫോർ ബയോ ഇ3’ ചലഞ്ചിനെക്കുറിച്ച് ബ്രിക്‌സിഡിഎഫ്‌ഡിയിലെ ശാസ്ത്രജ്ഞനായ ഡോ. കെ.ബി. ഹരികുമാർ വിദ്യാർത്ഥികളോട് സംസാരിച്ചു.
ആർജിസിബി ശാസ്ത്രജ്ഞരായ ഡോ. ദിലീപ് വാസുദേവൻ, ഡോ. കെ.ആർ. മഹേന്ദ്രൻ എന്നിവർ നിലവിലെ ഗവേഷണ പരിപാടികളെക്കുറിച്ച് പ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആർജിസിബിയുടെ വിവിധ ലബോറട്ടറികൾ സന്ദർശിച്ച് ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനുള്ള അവസരവും ലഭിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ ഡോ. അനീഷ് എൻ.പി. നന്ദി പറഞ്ഞു.

