Saturday, December 20, 2025

‘നിങ്ങളെ പോലെ തന്നെ ഞാനും എന്റെ നൃത്തം നന്നായി ആസ്വദിച്ചു, ഇത്തരം സർഗ്ഗാത്മക കഴിവുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു’; സോഷ്യൽ മീഡിയയിൽ സ്വന്തം സ്പൂഫ് വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി

ദില്ലി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള പല മീമുകളും സ്പൂഫ് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ രണ്ട് സ്പൂഫ് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും വീഡിയോകളാണവ. പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതിന്റെ സ്പൂഫ് വീഡിയോ വൈറലായതോടെ അതിന്റെ സ്രഷ്ടാവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി.

‘നിങ്ങളെ പോലെ തന്നെ ഞാനും എന്റെ നൃത്തം നന്നായി ആസ്വദിച്ചു. ഇത്തരം സർഗ്ഗാത്മക കഴിവുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു’ എന്ന് വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹം ഒരു വേദിയിൽ നടക്കുന്നതും നൃത്തം ചെയ്യുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

കൃഷ്ണ എന്ന എക്‌സ് ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഈ വീഡിയോ ഞാൻ പോസ്റ്റ് ചെയ്യുന്നു, കാരണം ‘ ഡിക്‌റ്റേറ്റർ’ എന്നെ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് എനിക്കുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

അതേസമയം, സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച മമത ബാനർജിയുടെ സ്പൂഫ് വീഡിയോയുടെ സ്രഷ്ടാവിനെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് ബംഗാളിൽ നടക്കുന്നത്.

Related Articles

Latest Articles