Sunday, December 21, 2025

ജീവിതത്തിൽ മാത്രമല്ല കളിക്കളത്തിലും താരമായി ലിൻഡ കെയ്സഡോ; വനിതാ ഫുട്ബോൾ ലോകകപ്പിൽ ജർമനിയെ അട്ടിമറിച്ച് കൊളംബിയ

സിഡ്നി : ജീവിതത്തിൽ മാത്രമല്ല കളിക്കളത്തിലും താനൊരു തികഞ്ഞ പോരാളിയെന്ന് തെളിയിച്ച ലിൻഡ കെയ്സഡോയുടെ ഗോളിൽ വനിതാ ഫുട്ബോൾ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കരുത്തരായ ജർമ്മനിയെ അട്ടിമറിച്ച് കൊളംബിയ. അർബുദത്തെ അതിജീവിച്ചു കളത്തിലേക്കു മടങ്ങിയെത്തിയ ലിൻഡയുടെ തകർപ്പൻ ഗോളിൽ ജർമനിക്കെതിരെ ലീഡ് നേടിയ കൊളംബിയ രണ്ടുവട്ടം ലോകചാംപ്യന്മാരായ ജർമ്മനിയെ 2–1 എന്ന സ്കോറിനാണ് തോൽപ്പിച്ചത്.

52–ാം മിനിറ്റിലെ ലിൻഡ നേടിയ ഗോളിൽ കൊളംബിയ മുന്നിലെത്തിയെങ്കിലും അലക്സാന്ദ്ര പോപ്പിന്റെ ഗോളിൽ ജർമനി സമനില പിടിച്ചു. എന്നാൽ, ഇൻജറി ടൈമിന്റെ 7–ാം മിനിറ്റിൽ ഡിഫൻഡർ മാനുവേല വാനെഗാസ് നേടിയ ഗോളിൽ കൊളംബിയ ചരിത്രവിജയം സ്വന്തമാക്കി.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഫിലിപ്പീൻസിനെ 6–0നു തോൽവിയിൽ മുക്കിയ നോർവേ നോക്കൗട്ട് ഉറപ്പാക്കി. അതേസമയം സ്വിറ്റ്സർലൻഡിനോടു ഗോൾരഹിത സമനില വഴങ്ങിയ ന്യൂസീലൻഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ തോൽപിച്ചു.

Related Articles

Latest Articles