ദില്ലി : ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കാലാവധി വീണ്ടും നീട്ടി. ജൂലൈ 3 വരെയാണ് ദില്ലി കോടതി കസ്റ്റഡി നീട്ടിയത്. കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് , ദാമോദർ എന്നിവർക്ക് റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് കവിതയുടെ പേരിലുള്ളത്. മാർച്ച് 15നാണ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. തീഹാർ ജയിലിൽ ആയിരുന്നു കവിത. ജയിലിനുള്ളിൽ വച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഏപ്രിൽ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.
കവിതയ്‌ക്കെതിരെ നിർണായക തെളിവുകളുണ്ടെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചിരുന്നു. വിജയ് നായർക്ക് സൗത്ത് ഗ്രൂപ്പ് 100 കോടി കൈമാറിയതിന് ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും കവിതക്കും മദ്യനയ അഴിമതി ഗൂഢാലോചനയിൽ നിർണായക പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

