ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. വെടി നിര്‍ത്തല്‍ നിലവിൽ വന്നതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ സമയം 2.45 നാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇസ്രയേൽ പ്രാദേശിക സമയം 11.15നായിരുന്നു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനാണ് ഇപ്പോൾ താൽക്കാലികമായെങ്കിലും വിരാമമുണ്ടാകുന്നത്.
വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി മൂന്ന് വനിതാ ബന്ദികളെ ഹമാസ് ഇന്ന് വിട്ടയയ്ക്കുമെന്നായിരുന്നു ധാരണ. എന്നാൽ ഇവരുടെ പട്ടിക കൈമാറുന്നതിൽ ഹമാസ് കാലത്താമസം വരുത്തിയതോടെയാണ് പ്രാദേശിക സമയം രാവിലെ 8.30 ന് ആരംഭിക്കേണ്ട വെടിനിർത്തൽ വൈകിയത്.
വെടിനിർത്തൽ കരാർ പ്രകാരം മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് 24 മണിക്കൂർ മുമ്പെങ്കിലും അറിയിക്കണമെന്നാണ് ധാരണ. ഇത് പ്രകാരം ശനിയാഴ്ച വൈകുന്നേരം 4.30നെങ്കിലും ഹമാസ് ബന്ദികളുടെ പേര് വിവരം കൈമാറേണ്ടതായിരുന്നു. ആകെ 98 ബന്ദികൾ ഗാസയിൽ ഹമാസിൻ്റെ തടവിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് കരാർ വ്യവസ്ഥ. ഇതിന് പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കും എന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും മടക്കം.

