ദില്ലി :ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ 55 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് . 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൈരാനയിൽ സംഘര്‍ഷം തടയാൻ ബി.എസ്.എഫ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളിലും അരുണാചലിലും അക്രമങ്ങളിൽ നിരവധിപേര്‍ക്ക് പരിക്കേറ്റു.
18 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഹിന്ദി മേഖലയിലെ യു.പി, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളായി 17 സീറ്റിലും മഹാരാഷ്ട്രയിലെ 7, പശ്ചിമബംഗാളിലെ 2, ഒഡീഷയിലെ 4, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25 ൽ 14 മണ്ഡലങ്ങളിലും ജനങ്ങൾ വിധിയെഴുതി. ഉത്തര്‍പ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും 55 നും 60നും ഇടയിലാണ്.

