കേരള രാഷ്ട്രീയത്തിലും വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ഐ എസ് ആര്‍ ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സി ബി ഐ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കെ കരുണാകരന് തന്റെ മുഖ്യമന്ത്രി പദം പോലും രാജി വയ്‌ക്കേണ്ടി വന്ന കേസിൽ സി ബി ഐ കുറ്റപത്രം പുറത്തുവരുമ്പോൾ അദ്ദേഹത്തിന്റെ മകൾ പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോൺഗ്രസ് പത്രമായ വീക്ഷണത്തിലെ വാർത്തയും പങ്കുവച്ചാണ് പത്മജയുടെ പോസ്റ്റ്.
ദേശസ്നേഹിയായ തന്റെ അച്ഛനെ ഏറ്റവും വേദനിപ്പിച്ച സംഭവം അദ്ദേഹത്തെ സ്വന്തം പാർട്ടിക്കാരായ കോൺഗ്രസ് നേതാക്കൾ ഒരു ചാരക്കേസിൽപ്പെടുത്തി രാജ്യദ്രോഹിയായി ചിത്രീകരിച്ച് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതാണെന്ന് പത്മജ വേണുഗോപാൽ പറയുന്നു. ചാരക്കേസ് വ്യാജമെന്ന് കോടതിയിൽ സി ബി ഐ റിപ്പോർട്ട് നൽകിയെന്ന വാർത്ത അറിഞ്ഞപ്പോൾ ഞാൻ ഇന്നലെ എന്റെ അച്ഛനെ ഓർത്ത് കരഞ്ഞു പോയി. എന്നാൽ, അച്ഛന്റെ നിരപരാധിത്വം സംബന്ധിച്ചോ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കെ കരുണാകരൻ ഏറെ വേട്ടയാടപ്പെട്ട ഒരു കേസാണ് ഇതെന്ന് വാചകം പോലും കോൺഗ്രസ് പത്രമായ വീക്ഷണത്തിൽ ഇല്ല. അതിനാൽ തന്നെ, ചാരക്കേസ് എന്ന് പറയുന്നത് അച്ഛനെ വേട്ടയാടുവാൻ അന്ന് കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കിയ കള്ള കഥയാണെന്ന് പത്മജ വേണുഗോപാൽ പറയുന്നു. കെ കരുണാകരനോടുള്ള കോൺഗ്രസുകാരുടെ സ്നേഹം വെറും കാപട്യം മാത്രമാണെന്നും ജീവിച്ചിരുന്നപ്പോൾ അച്ഛനെ കള്ളക്കഥകൾ ഉണ്ടാക്കി ഏറ്റവും ദ്രോഹിച്ചത് ബിജെപിക്കാരോ, സിപിഎമ്മോ അല്ല. സ്വന്തം പാർട്ടിക്കാർ ആയ കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും പത്മജ വേണുഗോപാൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
എന്റെ അച്ഛൻ ഒരു തികഞ്ഞ ദേശസ്നേഹിയായിരുന്നു. ദേശസ്നേഹിയായ എന്റെ അച്ഛനെ ഏറ്റവും വേദനിപ്പിച്ച സംഭവം അദ്ദേഹത്തെ സ്വന്തം പാർട്ടിക്കാരായ കോൺഗ്രസ് നേതാക്കൾ ഒരു ചാരക്കേസിൽ പെടുത്തി, രാജ്യദ്രോഹിയായി ചിത്രീകരിച്ച് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതാണ്. ചാരക്കേസ് വ്യാജം എന്ന് കോടതിയിൽ CBI റിപ്പോർട്ട് നൽകി എന്ന വാർത്ത അറിഞ്ഞപ്പോൾ ഞാൻ ഇന്നലെ എന്റെ അച്ഛനെ ഓർത്ത് കരഞ്ഞു പോയി. ഒരു കുറ്റവും ചെയ്യാത്ത എന്റെ അച്ഛന് ജീവിച്ചിരുന്നപ്പോൾ ഇങ്ങനെയൊരു വാർത്ത അറിയാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്തു. എല്ലാ ദിനപത്രവും വായിക്കുന്ന ഒരാൾ എന്ന നിലയിൽ കോൺഗ്രസ് പത്രമായ വീക്ഷണം പത്രവും ഞാൻ വായിച്ചു.
ചാരക്കേസ് വ്യാജമായി നിർമ്മിച്ചതാണ് എന്ന് CBI കുറ്റപത്രം സമർപ്പിച്ചു എന്നുള്ള വാർത്ത വീക്ഷണത്തിൽ പ്രധാന വാർത്തയായി ഉണ്ട്. ഞാൻ വീക്ഷണം വാർത്ത വായിച്ചു നോക്കി. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കെ കരുണാകരൻ ഏറെ വേട്ടയാടപ്പെട്ട ഒരു കേസ് ആണ് ഇത് എന്ന് ഒരു വാചകം പോലും ആ വാർത്തയിൽ ഇല്ല. അച്ഛന്റെ നിരപരാധിത്വം സംബന്ധിച്ച് ഒരു വാചകം പോലും കോൺഗ്രസ് ദിന പത്രത്തിൽ ഇല്ല. ഇതാണ് ഇപ്പോൾ അച്ഛനോടുള്ള കോൺഗ്രസിന്റെ സമീപനം. ഞാൻ ഉറപ്പിച്ച് പറയുന്നു ചാരക്കേസ് എന്ന് പറയുന്നത് അച്ഛനെ വേട്ടയാടുവാൻ അന്ന്
കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കിയ കള്ള കഥയാണ്. (മരണപ്പെട്ടവർ ഉൾപ്പെടെ ) അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാം ഒന്നടങ്കം കോൺഗ്രസ് നേതാക്കളായ ആ കൂട്ടർ വ്യക്തിഹത്യ ചെയ്തു വേട്ടയാടി. ഞങ്ങൾ സമൂഹത്തിൽ അപമാനിക്കപ്പെട്ടു. ജീവിച്ചിരുന്നപ്പോൾ എന്റെ അച്ഛനെ കള്ളക്കഥകൾ ഉണ്ടാക്കി ഏറ്റവും ദ്രോഹിച്ചത് ബിജെപിക്കാരോ, സിപിഎം കാരോ അല്ല. സ്വന്തം പാർട്ടിക്കാർ ആയ കോൺഗ്രസ് നേതാക്കൾ തന്നെയാണ്.
ഞാൻ കോൺഗ്രസ് വിട്ടപ്പോൾ ആണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ അമിത കരുണാകര സ്നേഹം കാണിക്കുന്നത്. ഇവരുടെ അച്ഛനോടുള്ള സ്നേഹം വെറും കാപട്യം. എന്റെ അച്ഛൻ സമൂഹത്തിൽ വ്യക്തിഹത്യ ചെയ്തപ്പെട്ടപ്പോൾ കൂടെ നിന്നത് അപൂർവ്വം ചില കോൺഗ്രസ് നേതാക്കൾ മാത്രമാണ്. എന്റെ അച്ഛനെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളത് താഴെത്തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർ മാത്രമാണ്. അവരോട് എനിക്കെന്നും നന്ദി. എത്ര വ്യക്തിഹത്യ ചെയ്താലും സത്യം ഒരുനാൾ മറ നീക്കി പുറത്തു വരും.
പത്മജ വേണുഗോപാൽ

