എറണാകുളം: കോതമംഗലം ലവ് ജിഹാദ് കേസിൽ പറവൂർ സ്വദേശി റമീസ് പോലീസ് കസ്റ്റഡിയിൽ. ആത്മഹത്യ ചെയ്‌ത 23 കാരി സോനാ എൽദോസിന്റെ ആൺ സുഹൃത്താണ് റമീസ്. സോനയെ പ്രണയക്കെണിയിൽപ്പെടുത്തി മതംമാറാൻ റമീസും കുടുംബവും നിർബന്ധിച്ചു എന്ന പരാതി ഉയർന്നിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചാണ് മതം മാറാനുള്ള സമ്മർദ്ദം ചെലുത്തിയത് എന്നാണ് സൂചന. സോനയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സോനയുടെ അടുത്ത സുഹൃത്തും റമീസിനും കുടുംബത്തിനും എതിരെ മൊഴിനല്കിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണയ്ക്കാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
കോളേജ് പഠനകാലത്തെ പരിചയമാണ് പ്രണയമായി വളർന്നത്. റമീസിന്റെ കുടുംബം വിവാഹാലോചനയ്ക്കായി സോനയുടെ വീട്ടിലെത്തിയിരുന്നു. വിവാഹം നടക്കണമെങ്കിൽ മതം മാറണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. സോന മതം മാറിയില്ലെങ്കിൽ റമീസിനെ പള്ളിയിൽ നിന്ന് പുറത്താക്കുമെന്ന ന്യായമാണ് അതിനായി അവർ പറഞ്ഞതെന്ന് സഹോദരൻ വെളിപ്പെടുത്തി. വിവാഹാലോചന വന്നപ്പോൾ പിതാവ് മറിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളു. മതം മാറാൻ സോന തയ്യാറായിരുന്നുവെന്നും ഒരുകൊല്ലം കഴിഞ്ഞ് വിവാഹം പരിഗണിക്കാമെന്നുമാണ് സോനയുടെ കുടുംബം മറുപടി പറഞ്ഞത്.
ഇതിനിടയിൽ അനാശാസ്യത്തിന് റമീസിനെ പോലീസ് പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് താൻ ഇനി മതം മാറില്ലെന്നും രജിസ്റ്റർ വിവാഹം കഴിക്കാമെന്നും സോന നിലപാടെടുത്തു. അതിനായി അടിമാലിയിൽ രജിസ്റ്റർ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം റമീസ് പിന്മാറുകയും റെമീസിന്റെ വീട്ടിലേക്ക് സോനയെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്‌തു. തുടർന്ന് പൊന്നാനിയിൽ കൊണ്ടുപോകാൻ നിർബന്ധിച്ചു. വഴങ്ങാത്ത സോനയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് സോനയെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. തുടർന്ന് മാനസികമായി തളർന്ന സോന ഒരാഴ്ചയ്ക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യാ കുറിപ്പ് റമീസിനും റമീസിന്റെ അമ്മയ്ക്കും സോന മരിക്കുന്നതിന് മുമ്പ് അയച്ചു കൊടുത്തിരുന്നു. റമീസിന്റെ അമ്മ സോനയുടെ അമ്മയ്ക്ക് ആ കത്ത് അയച്ചുകൊടുത്തെങ്കിലും അവർ അത് യഥാസമയം കണ്ടില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സോന മരിച്ച നിലയിലായിരുന്നു വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് റമീസിന് സോനയുടെ ആത്മഹത്യയെ കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

