ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനി സോന എൽദോസിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആൺ സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും ഒടുവിൽ മതം മാറാൻ താൻ സമ്മതമറിയിച്ചിട്ടും അവർ തന്നോട് ക്രൂരത തുടർന്നുവെന്നും കുറിപ്പിൽ പറയുന്നു.ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ എനിക്കു സാധിക്കുന്നില്ലായെന്ന് വ്യക്തമാക്കി കൊണ്ടാണ് ആത്മഹത്യ ചെയ്ത സോന സുഹൃത്തായ റമീസിനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
“ഇമ്മോറൽ ട്രാഫിക്കിങ്ങിന് റമീസിനെ പിടിച്ചത് ക്ഷമിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട് മതം മാറാൻ നിർബന്ധിച്ചു. മതം മാറില്ല എന്ന് പറഞ്ഞ എന്നെ രജിസ്റ്റർ മാരേജ് ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിറക്കി കൊണ്ടുപോയതിനു ശേഷം അവന്റെ വീട്ടിൽ എത്തിക്കുകയും മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയുകയും ചെയ്തു. മതം മാറാൻ താൻ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടർന്നു. ചെയ്ത തെറ്റിന് കുറ്റബോധമോ എന്നോട് സ്നേഹമോ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി”, സോനയുടെ ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നു.
കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിനെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്.അതേസമയം, സോനയുടെ മരണത്തിൽ ആണ്‍സുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്.

