ലക്‌നൗ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 178 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ലക്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. 47 പന്തില്‍ നിന്ന് നാല് ഫോറിന്റെയും എട്ട് സിക്‌സിന്റെയും സഹായത്തോടെ 89 റണ്‍സെടുത്ത് തകര്‍ത്തടിച്ച മാര്‍ക്കസ് സ്റ്റോയിനിസ്സിന്റെ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ലക്‌നൗ സ്കോർ ബോർഡിന്റെ നട്ടെല്ല്.
ടോസ് നേടിയ മുംബൈ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ദീപക് ഹൂഡയെ ലഖ്‌നൗവിന് നഷ്ടമായി. വെറും അഞ്ച് റണ്‍സാണ് താരം നേടിയത്. പിന്നാലെ വന്ന പ്രേരക് മങ്കാദിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് മുംബൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. വൈകാതെ മറ്റൊരു ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കിനെ വെറ്ററൻ സ്പിന്നർ പീയുഷ് ചൗള കൂടാരം കയറ്റി .
ഇതോടെ 35 റൺസിന് 3 വിക്കറ്റെന്ന നിലയിൽ ലക്‌നൗ തകർച്ചയെ മുന്നിൽ കണ്ടു.എന്നാല്‍ നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസ്സും നായകന്‍ ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 14 ഓവറില്‍ ക്രുനാലും സ്‌റ്റോയിനിസും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 117-ല്‍ നില്‍ക്കെ ക്രുനാല്‍ പാണ്ഡ്യ പരിക്കുമൂലം റിട്ടയേർഡ് ഹർട്ടായി ക്രീസ് വിട്ടു.42 പന്തില്‍ നിന്ന് 49 റണ്‍സെടുത്താണ് ക്രുനാല്‍ തിരികെ നടന്നത് .
ക്രുനാലിന് പകരം നിക്കോളാസ് പൂരാന്‍ ക്രീസിലെത്തി. പൂരാനെ സാക്ഷിയാക്കി സ്റ്റോയിനിസ് അര്‍ധസെഞ്ചുറി കുറിച്ചു. വമ്പൻ പ്രതീക്ഷയുമായി ടീമിലെത്തിയ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം സ്‌റ്റോയിനിസ് 24 റണ്‍സാണ് അടിച്ചെടുത്തത്.അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത സ്‌റ്റോയിനിസ് ടീം സ്‌കോര്‍ 177-ല്‍ എത്തിച്ചു.
മുംബൈയ്ക്ക് വേണ്ടി ബെഹ്‌റെന്‍ഡോര്‍ഫ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ പീയുഷ് ചൗള ഒരു വിക്കറ്റ് വീഴ്ത്തി.

