തിരുവനന്തപുരം നേമത്ത് ആഡംബര ബൈക്ക് ഇടിച്ച് തെറിപ്പിച്ച വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നേമത്ത് വാടകക്ക് താമസിക്കുന്ന ഡ്രൈവറായ രഞ്ജിത്തിൻ്റെ ഭാര്യയായ ബബിതയെ( 34 ) യാണ് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗതയിൽ പാഞ്ഞെത്തിയ ആഡംബര ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അപകടമുണ്ടാക്കിയ ബൈക്ക് നിർത്താതെ ഓടിച്ച് പോയി. കൂടെയുണ്ടായിരുന്ന ഇളയകുട്ടി മുടിനാരിഴക്ക് രക്ഷപ്പെട്ടു.
വാരിയെല്ലുകൾ, കാൽ, വയർ എന്നിവയ്ക്ക് ഗുരുതരമായ പരിക്കേറ്റ ബബിത തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതിതീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിനോടകം ശാസ്ത്രക്രിയയിൽ പ്ലീഹ നീക്കം ചെയ്തു. നാലുകുട്ടികൾ അടങ്ങുന്ന, സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന കുടുംബത്തിൻ്റെ ആശ്രയമായിരുന്നു ബബിത. ബബിത വീട്ടുജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വേതനത്തിലായിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. നേമം പോലീസ് അന്വേഷണം ആരംഭിച്ചു.

