മദ്യലഹരിയില്‍ ആത്മഹത്യ ചെയ്യാനായി തീവണ്ടിപ്പാളത്തില്‍ കിടക്കവേ രക്ഷിച്ച് വീട്ടിലെത്തിച്ച് മടങ്ങിയ യുവാവിനെ ഇരുപതുകാരന്‍ പിന്തുടർന്നെത്തി വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളിയായ സുരേഷ് (42 ) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി (20)യെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി പതിനൊന്നരയോടെ പിടികൂടി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് വെട്ടേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു. പിന്നാലെ മദ്യലഹരിയില്‍ സമീപത്തെ തീവണ്ടിപ്പാതയിലേക്ക് കയറി ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാര്‍ പിന്തിരിയിപ്പിക്കുകയും കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. ശേഷം മടങ്ങുകയായിരുന്ന സുരേഷിനെ അമ്പാടി കൊടുവാളുമായി പിന്നിലൂടെയെത്തി കഴുത്തിന് വെട്ടുകയായിരുന്നു.പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

