സർക്കാരിനായി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ട ശേഷം സാഹിത്യ അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ വിമർശനവുമായി ഉയർന്നുവന്ന വിവാദത്തിൽ പ്രതികരണവുമായി ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. ശ്രീകുമാരൻ തമ്പിയുടെ വരികൾ ഒരിക്കലും ക്ളീഷേ അല്ലെന്നും അദ്ദേഹത്തിന്റെ ഏതു വരിയേക്കാളും എത്രയോ താഴെയാണ് തന്റെ വരികളെന്നും വ്യക്തമാക്കിയ ഹരിനാരായണൻ ശ്രീകുമാരൻ തമ്പിക്കുണ്ടായ മാനസിക വിഷമത്തിൽ ഒപ്പം നിൽക്കുന്നുവെന്നും പറഞ്ഞു. വിവാദത്തിലേക്കു തന്നെ വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്നും ഹരിനാരായണൻ പ്രതികരിച്ചു.
‘‘തമ്പി സാറിന്റെ പാട്ടുകൾ ഒരിക്കലും ക്ലീഷേ അല്ല. അദ്ദേഹത്തിന്റെ ഏതു വരിയേക്കാളും എത്രയോ താഴെയാണ് എന്റെ വരികൾ. കേരളഗാനവുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പിയുടെ പങ്ക് ഇന്നലെയാണ് അറിഞ്ഞത്. മലയാളി ഇന്നു പാടി നടക്കുന്ന പ്രണയഗാനങ്ങളെല്ലാം നൽകിയത് ശ്രീകുമാരൻ തമ്പിയാണ്. തമ്പി സാറിന്റെ പാട്ടിനു വേറെ താരതമ്യങ്ങളില്ല. അദ്ദേഹത്തിന് ഇങ്ങനെ ഒരു മനോവിഷമം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ പാട്ടെഴുതാൻ തയാറാകുമായിരുന്നില്ല.’’–ഹരിനാരായണൻ വ്യക്തമാക്കി.
ശ്രീകുമാരൻ തമ്പിയുടെ ഗാനം കവികളും പ്രഗൽഭരും അടങ്ങിയ കമ്മിറ്റിക്ക് അംഗീകരിക്കാൻ തോന്നിയില്ലെന്നാണ് സാഹിത്യ അക്കാദമി അദ്ധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദൻ പ്രതികരിച്ചത്. പാട്ടിൽ ക്ലീഷേ പ്രയോഗങ്ങളായിരുന്നുവെന്നും കമ്മിറ്റി ഹരിനാരായണന്റെ പാട്ട് തെരഞ്ഞെടുത്തതായും സച്ചിദാനന്ദൻ അറിയിച്ചു.

